പുനലൂര്‍: മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ കാണിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ആര്‍.ശ്രീലേഖ. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ ഈ പ്രതികരണം.

യാതൊരു ആസൂത്രണവുമില്ലാതെ നടത്തുന്ന ഇടപെടലുകളെ താണ്ഡവം എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നതെന്നും ആ താണ്ഡവം മയക്കുമരുന്ന് ഉള്ളില്‍ ചെന്നുള്ള വെപ്രാളമാണെന്നാണ് ആര്‍.ശ്രീലേഖ പറഞ്ഞത്.

സമരസ്ഥലത്ത് ഒപ്പമുള്ള നേതാക്കളെ തള്ളിമാറ്റിയും അടിച്ചുപരത്തിയും പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിഞ്ഞ് ദല്‍ഹി മലിനമാക്കിയുമാണ് പ്രതിഷേധം നടത്തുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്യാനേഷ് കുമാര്‍ അല്ല, പ്രധാനമന്ത്രിയാണ് അവരുടെ ലക്ഷ്യമെന്നും നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തി താഴെയിറക്കാന്‍ നോക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ശ്രീലേഖ പറഞ്ഞു.

അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട് വളരെയധികം നിരാശനായി മര്‍ദനമേറ്റുവാങ്ങി നടക്കുകയാണ് കോണ്‍ഗ്രസിന്റെയും ആളുകളെന്നും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് ദല്‍ഹി പൊലീസിന് നന്ദി പറയുകയാണെന്നും ശ്രീലേഖ പറഞ്ഞു.

എസ്.ഐ.ആര്‍ കൊണ്ടുവന്ന ശേഷം അധികാരത്തിലേറിയ സര്‍ക്കാരുകള്‍ രാജി വെക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞെന്നും അങ്ങനെയാണെങ്കില്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരും രാജി വെച്ചിട്ട് പോകണമെന്നും അവര്‍ പറഞ്ഞു.

Content Highlight: “What’s being witnessed in Delhi is the agitation caused by a drug overdose”: R. Sreelekha makes derogatory remarks against Rahul Gandhi.