എന്തൊരു നടനാണ് അയാള്‍, കരിക്കിന്റെ കലക്കാച്ചിക്ക് പിന്നാലെ 'ജോര്‍ജിന്' അഭിനന്ദന പ്രവാഹം
Entertainment news
എന്തൊരു നടനാണ് അയാള്‍, കരിക്കിന്റെ കലക്കാച്ചിക്ക് പിന്നാലെ 'ജോര്‍ജിന്' അഭിനന്ദന പ്രവാഹം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd January 2022, 11:29 am

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കരിക്കില്‍ പുതിയ ഒരു വീഡിയോ പുറത്തുവന്നത്. ഡിസംബര്‍ 25 ക്രിസ്മസിന് കലക്കാച്ചി എന്ന പേരില്‍ ഇറങ്ങിയ വീഡിയോയുടെ രണ്ടാം ഭാഗം ജനുവരി ഒന്നിന് പുറത്തിറങ്ങി.

വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയില്‍ അഭിനയിച്ച ഒരോ ആളുകളുടെയും പ്രകടനത്തിന് മികച്ച അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

കലക്കാച്ചിയില്‍ പൊലീസുകാരനായി എത്തിയ അനു കെ.അനിയന്റെ റോളിനാണ് ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിക്കുന്നത്. അനു കെ. അനിയന്‍ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും കരിക്കിലെ തേരാ പാര എന്ന വെബ് സീരിസിലെ കഥാപാത്രമായ ജോര്‍ജ് എന്ന പേരാണ് ആരാധകര്‍ക്ക് കൂടുതല്‍ പരിചയം.

പുതിയ വീഡിയോയായ കലക്കാച്ചിയില്‍ അനു.കെ അനിയന്റെ അഭിനയ മികവ് എടുത്ത് കാട്ടുന്ന റോളാണ് ലഭിച്ചത്. ഒരേ സമയം വ്യത്യസ്ത ഇമോഷന്‍സിലൂടെ കടന്നുപോകുന്ന റിട്ടേയേര്‍ഡ് ചെയ്യാന്‍ കുറച്ച് കാലം മാത്രം ബാക്കിയുള്ള എസ്.ഐ പ്രെമോഷന് വേണ്ടി കാത്തിരിക്കുന്ന വിജയന്‍ എന്ന പൊലീസുകാരനായിട്ടാണ് അനു കെ. അനിയന്‍ കലക്കാച്ചിയില്‍ എത്തുന്നത്.

കോമഡി, മാസ്, സെന്റി തുടങ്ങി നിരവധി ഇമോഷന്‍സിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് വിജയന്‍. കലക്കാച്ചിയിലെ രണ്ടാം ഭാഗത്തിലെ വീഡിയോ കോള്‍ സീന്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നിരവധി അഭിനന്ദനങ്ങളാണ് അനു.കെ അനിയന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ ചിലത് നോക്കാം.

കുപ്പയിലെ മാണിക്യം എന്നു നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷെ ഒരേപോലെ തിളങ്ങുന്ന കരിക്ക് എന്ന മാണിക്യകല്ലുകളുടെ കൂടാരത്തിലെ ഏറ്റവും തിളക്കമുള്ള മരതകമാണിക്യമാണ് അനു കെ അനിയന്‍.

ഏത് വേഷവും അനായാസമായി പെര്‍ഫോം ചെയ്യുന്ന ഒരു കിടിലന്‍ ആക്ടര്‍…
കരിക്ക് ടീമിന്റെ പുതിയ സീരീസ് കലക്കാച്ചിയിലും അനുവിന്റെ പെര്‍ഫോമന്‍സിന് പകരം വെക്കാന്‍ ആളില്ല.
ജീവനും അര്‍ജുനും കിരണും ഉള്‍പ്പെടെ നിറഞ്ഞാടിയിട്ടും മധ്യവയസിലേക്കെതിയ സിവില്‍ പൊലീസ് ഓഫിസറുടെ റോളില്‍ അനു ഒരല്പം കൂടുതല്‍ സ്‌കോര്‍ ചെയ്തു എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം.
ഇനിയും കരിക്കിലൂടെ തന്നെ ഇമ്മാതിരി കിടിലന്‍ പെര്‍ഫോമന്‍സ് അനുവിന്റേതായി ഉണ്ടാവട്ടെ.

-ജിതിന്‍ ജോര്‍ജ്-

Anu K Aniyan നിങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്ക് അറിയില്ല. കരിക്കിലെ ജീവന്‍ എന്ന് പറയുന്നത് തന്നെ നിങ്ങള്‍ ആണ്. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ മലയാളത്തിലെ മെയിന്‍ സ്ട്രീം ആക്ടര്‍ മാരുടെ കൂടെ കട്ടക്ക് നിന്ന് നിങ്ങള്‍ അഭിനയിക്കുന്ന കാലം വിദൂരമല്ല. നിങ്ങള്‍ മാത്രം അല്ല അതിലെ ഓരോരുത്തരും അമ്മാതിരി പോട്ടെന്ഷ്യല്‍ ഉള്ളവര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എന്ന ഒരു പെര്‍ഫോമന്‍സ് ആണ്. ഒരു വിഡിയോ കോള്‍ ചെയ്യുന്നൊരു സീനുണ്ട്. രോമങ്ങള്‍ ഒക്കെ എണീറ്റ് നിന്ന് പോയ ഐറ്റം. നിങ്ങള്‍ എത്ര അനായാസം ആയാണ് ഓരോ ഇമോഷനും പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത്. അവസാന ഭാഗത്തു അഭിമാനത്തോടെ ആ തൊപ്പി അണിയുന്ന രംഗങ്ങള്‍ ഒക്കെ.

-അജ്മല്‍ നിഷാദ്-

അര്‍ജുന്‍ രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. സിദ്ധാര്‍ഥ് കെ.ടി. ഛായാഗ്രഹണവും ആനന്ദ് മാത്യൂസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചാള്‍സ് നസ്റത്ത് ആണ് സംഗീതം.

കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി അലോഷ്യസ്, ജീവന്‍ സ്റ്റീഫന്‍, മിഥുന്‍ എം ദാസ്, കിരണ്‍ വിയ്യത്ത്, ബിനോയ് ജോണ്‍, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ.സി, സിറാജുദ്ധീന്‍, നന്ദിനി, അര്‍ജുന്‍ രത്തന്‍, അനു കെ അനിയന്‍, വിഷ്ണു, അമല്‍ അമ്പിളി, വിവേക് , അരൂപ്, ഹരികൃഷ്ണ തുടങ്ങിവരാണ് സീരീസില്‍ അഭിനയിക്കുന്നത്.

നാല് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കരിക്ക് കലക്കാച്ചിക്ക് മുമ്പ് അവസാനമായി വീഡിയോ പുറത്തുവിട്ടത്. 2016 അഗസ്റ്റിലാണ് കരിക്ക് എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. മലയാളികള്‍ അന്നേവരെ കാണാതെ രീതിയിലുള്ള തമാശ വീഡിയോകള്‍ ആണ് കരിക്കിനെ ജനപ്രിയമാക്കിയത്.

‘തേര പാര’ എന്ന മിനി വെബ്‌സീരീസ് വഴി കരിക്കും അതിലെ അഭിനേതാക്കളും നേടിയ ജനപ്രീതി വളരെ വലുതാണ്. നിഖില്‍ പ്രസാദാണ് കരിക്കിന്റെ അമരക്കാരന്‍. നിലവില്‍ കരിക്കിന് യൂട്യൂബില്‍ 75 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

What an actor he is, a stream of praise for ‘George’ aka Anu K Aniyan after Karik’s New Video Kalakkachi