സിഡ്‌നി: 2024ല്‍ ഗസയിലേക്ക് സഹായവുമായി പോവുകയായിരുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ (ഡബ്ല്യു.സി.കെ) വാഹന സംഘത്തിന് നേര്‍ക്കുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയയും കാനഡയും യു.കെയും. ഇസ്രഈലിന്റേത് നാണം കെട്ട നടപടിയാണെന്നും മൂന്ന് രാജ്യങ്ങള്‍ ഇന്നലെ (ഓഗസ്റ്റ് 21, വെള്ളി) പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
2024 ഏപ്രില്‍ ഒന്നിനായിരുന്നു ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ വാഹനസംഘത്തിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ യു.കെയില്‍ നിന്നുള്ള മൂന്ന് പേരും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ഒരാളും ക്യാനഡ-യു.എസ് ഇരട്ട പൗരത്വമുള്ള ഒരാളും ഉണ്ടായിരുന്നു.
അന്നത്തെ ഡ്രോണ്‍ ആക്രമണത്തിന് കാരണക്കാരായവരെക്കൊണ്ട് ഉത്തരവാദിത്തമേറ്റെടുക്കാന്‍ തങ്ങള്‍ രണ്ട് വര്‍ഷമായി ഇസ്രഈലില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.കെയും ഓസ്‌ട്രേലിയയും കാനഡയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
‘അന്ന് ഐ.ഡി.എഫ് ഈ സംഭവത്തെ ഗുരുതരമായ തെറ്റും പരാജയവുമാണെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അതിനുശേഷം രണ്ട് വര്‍ഷത്തിലേറെയായി. കേസ് വേഗത്തിലും സമഗ്രമായും പരിഗണിക്കാനും കാരണക്കാരായവരെ കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാനും ഞങ്ങള്‍ ഇസ്രഈലിനോട് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്,’ പ്രസ്താവനയില്‍ പറയുന്നു.
ഈ മാസം 19ന്, ഈ ആക്രമണത്തില്‍ ക്രിമിനല്‍ അന്വേഷണം ഒന്നും നടത്തില്ലെന്ന് ഒരു വിശദീകരണവുമില്ലാതെ പ്രഖ്യാപിച്ചത് ലജ്ജാകരമാണെന്നും മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഈ സംഭവത്തിന്റെ ഇരകളും അവരുടെ കുടുംബങ്ങളും നീതി അര്‍ഹിക്കുന്നു. അവര്‍ക്കായി ഉത്തരങ്ങള്‍ തേടുന്നത് തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
‘ഗസയില്‍ നടക്കുന്നതും ഇസ്രഈല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവാത്തതുമായ എണ്ണമറ്റ അതിക്രമ സംഭവങ്ങളില്‍ ഒന്നാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ആക്രമണം. ഗാസയിലെ ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് സഹായം തീര്‍ത്തും ആവശ്യമുള്ള സിവിലിയന്മാര്‍ക്കായി മാനുഷിക പ്രവര്‍ത്തകര്‍ അവരുടെ സേവനം ലഭ്യമാക്കുന്നത്.
ദുര്‍ബലമായ വെടിനിര്‍ത്തല്‍ ഉണ്ടായിട്ടും, ഗസ സഹായം എത്തിക്കുന്നത് ഏറ്റവും അപകടകരമായ ഇടമായി തുടരുന്നു. മാനുഷിക സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിച്ച 186 ജീവനക്കാര്‍ 2025ല്‍ ഗസയില്‍ കൊല്ലപ്പെട്ടു. ഇസ്രഈല്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലുള്ള അതിന്റെ ബാധ്യതകള്‍ പാലിക്കണം. കൂടാതെ മാനുഷിക സായമെത്തിക്കുന്ന ജീവനക്കാര്‍ക്ക് അവരുടെ ജോലി സുരക്ഷിതമായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. ഈ ദുരന്തത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.
യു.എസ് ആസ്ഥാനമായ സന്നദ്ധ സേവക സംഘമാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍. 2024ലെ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തിവെക്കാനുള്ള ഇസ്രഈലിന്റെ തീരുമാനം ‘സത്യവുമായി പൊരുത്തപ്പെടുന്നില്ല’ എന്ന് സംഘടന അഭിപ്രായപ്പെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തിന് സ്വന്തം ചെയ്തികളെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഡ്രോണ്‍ ആക്രമണം അന്വേഷിക്കേണ്ടതില്ലെന്ന ഇസ്രഈലിന്റെ തീരുമാനം തികച്ചും നിരാശാകരമാണെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച ഒരു പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ സൈന്യം ഈ പ്രഖ്യാപനം നടത്തിയതിന് ശേഷം വാര്‍സോയിലെ ഇസ്രഈല്‍ അംബാസഡറെ വിളിച്ചുവരുത്തിയതായും മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച കാന്‍ബറയിലെ ഇസ്രഈല്‍ അംബാസഡറെ ഓസ്ട്രേലിയയും വിളിച്ചുവരുത്തിയിരുന്നു.
Content Highlight: Western allies slam Israel for ending World Central Kitchen strike probe
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.