ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റ് ഇന്‍ഡീസ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിന്റെ വിജയമാണ് കരീബിയന്‍ പട സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് വിന്‍ഡീസ് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നില്‍ക്കവേ അവസാന വിക്കറ്റില്‍ ബാറ്റ് ചെയ്ത അര്‍ഷദീപ് സിങ്ങിന് പരിക്കേറ്റതിനാല്‍ റിട്ടയേര്‍ഡ് ഹേര്‍ട്ട് ആവുകയും ഇന്ത്യ തോല്‍വി സമ്മതിക്കുകയും ആയിരുന്നു. അവസാനം ഓവറില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 35 റണ്‍സ് വേണ്ടിയിരുന്നു.

ഇന്ത്യക്കുവേണ്ടി വെടിക്കെട്ട് തുടക്കമാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നല്‍കിയത്. 23 പന്തില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് താരം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മടങ്ങിയത്. 243.48 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്. സഞജുവിന് പുറമെ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ 25 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടി പുറത്തായി. അവസാന ഘട്ടത്തില്‍ 20 പന്തില്‍ 41 റണ്‍സ് നേടി നിതീഷ് കുമാര്‍ റെഡ്ഡി പൊരുതിയെങ്കിലും ഇന്ത്യ പരാജയത്തിലേക്ക് പോകുകയായിരുന്നു.

വിന്‍ഡീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് അഞ്ച് വിക്കറ്റ് നേടിയ കീമോ പോളാണ്. ഗുടകോഷ് മോട്ടി രണ്ട് വിക്കറ്റും ഷമര്‍ സ്പ്രിങ്ങര്‍ ഒരു വിക്കറ്റും നേടി.

അതേസമയം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് വമ്പന്‍ സ്‌കോറിലെത്തിയത്. ബാക് ടു ബാക് സിക്‌സര്‍ പറത്തി നേരിട്ട 50ാം പന്തില്‍ പുറത്താകാതെ 102* റണ്‍സാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയില്‍ ഒമ്പത് സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ ഇത് താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണ്.

ഹോപ്പിന് പുറമെ 26 പന്തില്‍ 49* റണ്‍സ് നേടി ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് മികവ് പുലര്‍ത്തി. മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി 21 റണ്‍സാണ് യുവ ഓപ്പണര്‍ ജുവല്‍ ആന്‍ഡ്രൂ നേടിയത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 32 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി മടങ്ങി. പിന്നീട് ഇറങ്ങിയ റോവ്മാന്‍ പവല്‍ 17 പന്തില്‍ 24 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ വിക്കറ്റ് വീഴ്ത്തി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 2-2ന് സമനില പിടിക്കാന്‍ വിന്‍ഡീസിന് സാധിച്ചിരിക്കുകയാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും നിര്‍ണായക മത്സരം ഒക്ടോബര്‍ 17ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ്.

Content Highlight: West Indies Defeat India In Fourth T-20i In Five Match Series