ജെറുസലേം: ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ വെസ്റ്റ് ബാങ്ക് ഒരു നിയമ രഹിത ഭൂപ്രദേശമായി മാറിയെന്ന് ജെറുസലേമിലെ ലത്തീന്‍ കത്തോലിക്ക പുരോഹിതന്‍. ലത്തീന്‍ കത്തോലിക്ക പുരോഹിതന്‍ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഈ കാര്യം പറഞ്ഞതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫലപ്രദമായ സുരക്ഷയോ നിയമപരമായ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്ഥിതിയാണ് വെസ്റ്റ് ബാങ്കില്‍ തുടരുന്നതെന്നും കത്തോലിക്കാ പുരോഹിതന്‍ അഭിപ്രായപ്പെട്ടു. കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ ആക്രമണ സാഹചര്യം പ്രദേശത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘര്‍ഷം പരിഹരിക്കാനുള്ള ഏക മാര്‍ഗം നയതന്ത്രപരമായ നടപടികളാണെന്നും പിസബല്ല പറഞ്ഞു. ഗസയിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം മാനുഷികമായി നോക്കുമ്പോള്‍ വളരെ വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘ദ്വിരാഷ്ട്ര പരിഹാരമാണ് ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കും സ്വന്തം നാട്ടില്‍ ഒരു വീടുണ്ടാകാനുള്ള അവകാശം അംഗീകരിക്കാനുള്ള ഏക മാര്‍ഗം,’ എന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ മനുഷ്യത്വരഹിതമായ യുക്തി നമ്മുടെ ചിന്താരീതിയും അതിജീവിക്കലിന്റെ രീതിയും ആയി മാറുന്നത് തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെറുസലേമില്‍ മാര്‍പാപ്പ വരുമെന്നും ആ സന്ദര്‍ശനത്തിനായി സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നുവെന്നും പിസബെല്ല പറഞ്ഞു. ‘ഉടന്‍ അല്ലെങ്കില്‍ പിന്നീട് പോപ്പ് വിശുദ്ധ നാട്ടില്‍ വരും. ഈ സന്ദര്‍ശനത്തിന് സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ അത് യഥാര്‍ത്ഥത്തില്‍ ഫലം കൊണ്ടുവരും,’ പിസബല്ല കൂട്ടിച്ചേര്‍ത്തു.
‘യുദ്ധം യുവാക്കളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷങ്ങളെ മോഷ്ടിക്കുന്നു. അത് അവരുടെ ജീവന്‍ പൂര്‍ണ്ണമായും എടുക്കുന്നില്ലായിരിക്കും. പക്ഷേ അത് ഏറ്റവും നല്ല വര്‍ഷങ്ങള്‍ അവരില്‍ നിന്ന് മോഷ്ടിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
‘ഇത് ഉക്രൈനിന് മാത്രമല്ല, മിഡില്‍ ഈസ്റ്റിനും ബാധകമാണ്,’ പുരോഹിതന്‍ പറഞ്ഞു. സമാധാനത്തെ ഒരു മുദ്രാവാക്യത്തിലേക്ക് ചുരുക്കുന്നതും സങ്കീര്‍ണ്ണമായ ഒരു യാഥാര്‍ത്ഥ്യത്തോടുള്ള നിഷ്‌കളങ്കമായ സമീപനങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
‘വിദ്വേഷം, കഷ്ടപ്പാടുകള്‍ എന്നിവയാല്‍ തകര്‍ന്ന ഒരു മിഡില്‍ ഈസ്റ്റില്‍, പ്രത്യാശ വളര്‍ത്തിയെടുക്കുന്നത് എളുപ്പമല്ല. സ്ഥിിതി വഷളായതിനാല്‍ നമ്മള്‍ യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കണം,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: West Bank has become ‘a lawless land,’ says top Catholic in Jerusalem
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.