ന്യൂദല്‍ഹി: ബി.ജെ.പിയുമായി ഭിന്നതയില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെന്നും എന്നാല്‍ തര്‍ക്കങ്ങളില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ദല്‍ഹിയിലെ വിജ്ഞാപന്‍ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് സ്വതന്ത്ര സംഘടനയാണെന്നും ബി.ജെ.പിക്ക് വേണ്ടിയാണ് തങ്ങള്‍ തീരുമാനമെടുക്കുന്നതെന്ന ധാരണ ശരിയല്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍.എസ്.എസ് നിര്‍ദേശങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ. 75 വയസായാല്‍ വിരമിക്കണമെന്ന വ്യവസ്ഥ ബി.ജെ.പിയിലുണ്ട്. എന്നാല്‍ നരേന്ദ്ര മോദി വിരമിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
മോദിയും താനും വിരമിക്കില്ല. സംഘടന പറയുന്നതിടത്തോളം നിലവിലുള്ള സ്ഥാനത്ത് തുടരുമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു. താന്‍ ശാഖ നടത്തുന്നതില്‍ വിദ്ഗധനാണ്. ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതിലും. അഖണ്ഡ ഭാരതമാണ് തങ്ങള്‍ സ്വപ്നം കാണുന്നതെന്നും ഭഗവത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനെല്ലാം പുറമെ കല്യാണം കഴിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭഗവത് പരാമര്‍ശിച്ചു. മതപരിവര്‍ത്തനം മൂലം ജനസംഖ്യയില്‍ സന്തുലനം നഷ്ടമാകുന്നുവെന്നും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്നും ഭഗവത് ആവശ്യപ്പെട്ടു. മതം എന്നത് സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കേണ്ട ഒന്നാണ് . ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യരുതെന്നും അത്തരത്തിലുള്ള നീക്കങ്ങള്‍ നിര്‍ത്തണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ഭാഷാവിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഭാഷയെ ചൊല്ലി ആരും തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടതില്ല. പൊതുവായ ഇടപാടുകള്‍ക്ക് ഒരു ഭാഷ തെരഞ്ഞെടുക്കണം. മാതൃഭാഷയിലും പൊതുവായ ഭാഷയിലും എല്ലാവരും ഒരുപോലെ പ്രാവീണ്യമുള്ളവരായിരിക്കണം. കൂടുതല്‍ അറിയുന്നതില്‍ തെറ്റില്ലെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.
സംസ്‌കൃതം നിര്‍ബന്ധമാക്കണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിര്‍ബന്ധമാക്കേണ്ടതില്ല. എന്നാല്‍ യഥാര്‍ത്ഥ ഭാരതത്തെ കുറിച്ചറിയാന്‍ സംസ്‌കൃതം പഠിക്കേണ്ടത് അത്യാവശ്യമാണെന്നും മോഹന്‍ ഭഗവത് മറുപടി നല്‍കി.
സംവരണത്തെ അനുകൂലിച്ചും അദ്ദേഹം സംസാരിച്ചു. ഭരണഘടനയില്‍ അനുശാസിച്ചിട്ടുള്ള സംവരണത്തെ ആര്‍.എസ്.എസ് പിന്തുണക്കുന്നു. ദീനദയാല്‍ ജിക്ക് ഒരു ദര്‍ശനം ഉണ്ടായിരുന്നു. താഴെ തട്ടിലുള്ളവര്‍ ഉയരാന്‍ ശ്രമിക്കണം. അവര്‍ക്ക് വേണ്ടി മുകളിലിരിക്കുന്നവര്‍ കൈ നീട്ടണമെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അതുകൊണ്ട് തന്നെ സംഘം സംവരണത്തെ പിന്തുണക്കുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
Content Highlight: We will not retire; I did not say Modi should retire at 75: Mohan Bhagwat