ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യപനത്തില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബീഹാറിന്റെ ഈ ഫലം ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു.
ബീഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടമെന്നും പരാജയത്തെ കുറിച്ച് കൂടുതല്‍ അവലോകനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘മഹാസഖ്യത്തില്‍ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ബീഹാറിന്റെ ഈ ഫലം ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ നമുക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടം. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെക്കുറിച്ച് ആഴത്തില്‍ അവലോകനം ചെയ്യുകയും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.‘രാഹുല്‍ കുറിച്ചു.
രാജ്യത്ത് എസ്.ഐ.ആര്‍ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ബീഹാറില്‍ നടന്നത്. ലക്ഷക്കണക്കിന് പരാതികള്‍ ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രതിപക്ഷം നിരന്തരം പരാതിപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും തേജസ്വി യാദവിന്റെ ആര്‍.ജെ.ഡിയും വോട്ട് കൊള്ള ഉയര്‍ത്തിക്കാണിച്ച് ബീഹാറില്‍ വോട്ടര്‍ അധികാര്‍ യാത്ര നടത്തിയിരുന്നു. എന്നാല്‍ യാത്രയിലെ ജനപങ്കാളിത്തം വോട്ടായി മാറിയില്ല. കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും വോട്ടര്‍ അധികാര്‍ യാത്ര ഉപകാരപ്പെടാത്തത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
അതേസയം, നിലവിലെ വോട്ട് നില അനുസരിച്ച് എന്‍.ഡി.എ 202 സീറ്റിലും മഹാഗഡ്ബന്ധന്‍ 35 സീറ്റിലും മുന്നിലാണ്. മറ്റുള്ളവര്‍ ആറ് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.
Content Highlight: Bihar results are shocking; we could not win an election that was unfair from the beginning: Rahul Gandhi
