പാലക്കാട്ടെ മദ്യനിര്‍മാണ കമ്പനിക്ക് വെള്ളം നല്‍കില്ല; സര്‍ക്കാരിനെ നിലപാട് അറിയിച്ച് വാട്ടര്‍ അതോറിറ്റി
Kerala News
പാലക്കാട്ടെ മദ്യനിര്‍മാണ കമ്പനിക്ക് വെള്ളം നല്‍കില്ല; സര്‍ക്കാരിനെ നിലപാട് അറിയിച്ച് വാട്ടര്‍ അതോറിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2025, 4:59 pm

പാലക്കാട്: കഞ്ചിക്കോട് മദ്യനിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ അനുമതി ലഭിച്ച ഒയാസിസിന് വെള്ളം നല്‍കില്ലെന്ന് വാട്ടര്‍ അതോറിറ്റി. നിലപാട് സര്‍ക്കാരിനെ അറിയിച്ചതായി പാലക്കാട് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.എന്‍. സുരേന്ദ്രന്‍ പറഞ്ഞു.

തെറ്റ് ധരിപ്പിച്ചാണ് ഒയാസിസ് തങ്ങളെ സമീപിച്ചതെന്നും എഥനോള്‍ കമ്പനിയ്ക്കുവേണ്ടി വെള്ളം നല്‍കണമെന്നാണ് അപേക്ഷ നല്‍കിയിരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

500 കിലോ ലിറ്റര്‍ വെള്ളമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും വെള്ളം ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കാനില്ലെന്നും കിന്‍ഫ്രയുടെ ഒരു പദ്ധതി വരാനിരിക്കുന്നുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ വെള്ളം നല്‍കാമെന്നും സര്‍ക്കാരിനെ അറിയിച്ചതായി സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും ഉത്തരവിലെ വിവരങ്ങള്‍ ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് പാലക്കാട് ഉള്ളതെന്നും ഇ.എന്‍. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് മദ്യനിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതികരണം.

ഞായറാഴ്ച മദ്യനിര്‍മാണ ഫാക്ടറിക്കായി കണ്ടെത്തിയ സ്ഥലത്ത് കോണ്‍ഗ്രസ് കൊടി നാട്ടി പ്രതിഷേധിച്ചിരുന്നു. വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പദ്ധതി പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിത്.

മദ്യനിര്‍മാണ ഫാക്ടറിക്കുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. യാതൊരു വിധത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെയാണ് മധ്യപ്രദേശിലെ ഒയാസിസ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

എന്തുകൊണ്ട് ഒയാസിസിന് മാത്രം അനുമതി ലഭിച്ചു, എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയെ തെരഞ്ഞെടുത്തത് എന്ന ചോദ്യങ്ങള്‍ വി.ഡി. സതീശന്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഒയാസിസിന് അനുമതി നല്‍കിയതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷത്തിന് മറുപടി നല്‍കി.

എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുന്നവരാണ് പ്രതിപക്ഷമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഏത് കാര്യത്തിലാണ് പ്രതിപക്ഷം ആശങ്ക ഉണ്ടാക്കാത്തതെന്നും എം.ബി. രാജേഷ് ചോദിച്ചിരുന്നു.

Content Highlight: Water Authority will not supply water to Oasis, which has been given permission to set up a distillery in palakkad