ആധുനിക കേരളത്തിന്റെ വളർച്ചയ്ക്ക് വി.എസ് നൽകിയത് വലിയ സംഭാവന: മുഖ്യമന്ത്രി
VS achuthanandhan
ആധുനിക കേരളത്തിന്റെ വളർച്ചയ്ക്ക് വി.എസ് നൽകിയത് വലിയ സംഭാവന: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd July 2025, 10:24 pm

ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ-പുരോഗമന-ജനാധിപത്യ ശക്തികള്‍ക്ക് വലിയ നഷ്ടമാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ മോഡലെന്ന രീതിയില്‍ രാജ്യഭരണം നിലനിര്‍ത്താന്‍ ശ്രമമുണ്ടായപ്പോള്‍ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന് മുദ്രാവാക്യം വിളിച്ച് ഐതിഹാസിക സമരം നടത്തിയ പുന്നപ്ര-വയലാര്‍ സമരസേനാനികളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വി.എസിന്റെ ജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തെയും കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തെയും ശക്തിപ്പെടുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവായിരുന്നു വി.എസെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചുമലതയേറ്റ് പോയ വി.എസ്, കൃഷ്ണപിള്ളയുടെ നിര്‍ദേശം ഭംഗിയായി നിറവേറ്റിയെന്ന് മാത്രമല്ല അതുല്യമായ സംഘടന ശേഷി നേടിയെടുക്കാന്‍ വി.എസിന് കഴിഞ്ഞതും നമ്മള്‍ കണ്ടിട്ടുണ്ട്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കണ്ട സംഘാടന മികവിന് പിന്നില്‍ വി.എസുണ്ടെന്നും മുഖ്യമന്ത്രിന്റെ പറഞ്ഞു.

പുതിയ കേരളത്തിന്റെ നല്ല രീതിയിലുള്ള വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് വി.എസ് നല്‍കിയത്. ജാതിമത ശക്തികളുടെയും വര്‍ഗീയ ശക്തികളുടെയും ഇടപെടലുകള്‍ക്കെതിരെ ശക്തമായി പോരാടിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വര്‍ഗ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വി.എസ് ശ്രദ്ധിച്ചിരുന്നു. നമ്മുടെ നാട്ടിലെ അധസ്ഥിത വിഭാഗത്തോട് വലിയ താത്പര്യവും വലിയ അലിവുമാണ് വി.എസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേരളം കേരള സംസ്ഥാനമെന്ന രീതിയില്‍ രൂപപ്പെട്ടപ്പോള്‍, കേരളത്തിന്റെ വികസനത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാന പങ്ക് വഹിക്കുമ്പോള്‍ ആ ചുമതലയും ഭംഗിയായി നിറവേറ്റാന്‍ വി.എസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാതൃകാപരമായ വി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അസാധാരണമായ ഇടപെടലുകള്‍ കൊണ്ട് വി.എസിന്റെ പ്രതിപക്ഷ സ്ഥാനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസന മേഖലയില്‍ അദ്ദേഹം മികച്ച ഇടപെടല്‍ നടത്തി. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ നേതാക്കളില്‍ ഒരാളാണ് വി.എസെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശത്രുവര്‍ഗത്തിന്റെ ആക്രമണത്തിന്റെ മുന്നില്‍ ഒട്ടും പതറാതെ തന്നെ വി.എസ് സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ആ പ്രതിസന്ധികളില്‍ തളരാതെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃനിരയില്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച നേതാവ് കൂടിയായിരുന്നു വി.എസെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വി.എസ് നല്‍കിയത് വലിയ സംഭാവനയാണ്. ഇന്നത്തെ കാലം, വര്‍ഗീയതയുടെ ആപത്ത് നിലനില്‍ക്കുന്ന കാലമാണ്. ഇന്നത്തെ കാലം നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് എല്ലാം ആപത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണ്. പാര്‍ലമെന്ററി ജനാധിപത്യം തന്നെ ഈ രീതിയില്‍ തുടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് വി.എസിന്റെ വിയോഗം അനുഭവിക്കേണ്ടി വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വി.എസിന്റെ വിയോഗം സി.പി.ഐ.എമ്മിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാക്കിയിരിക്കുന്നതെങ്കിലും പല മേഖലയില്‍ നിന്നുള്ള ആളുകള്‍ വി.എസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അവരോടെല്ലാമുള്ള കൃതജ്ഞത ഈ ഘട്ടത്തില്‍ രേഖപ്പെടുത്തട്ടെ. കേരളത്തിന്റെ ഉത്തമനായ ഒരു സന്താനത്തെ അതേ രീതിയില്‍ കണ്ടുകൊണ്ട് അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധരായി എന്നതിലാണ് തങ്ങള്‍ക്ക് ചാരിതാര്‍ഥ്യം ഉള്ളത്. വി.എസിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.

Content Highlight: Chief Minister Pinarayi Vijayan speaking at the condolence meeting of V.S. Achuthanandan