സ്വാമി വിവേകാനന്ദനെ ഹിന്ദുത്വത്തില്‍ തളച്ചിടാനാണ് ആര്‍.എസ്.എസ് ശ്രമം; വിചാരധാരാ വേദിയിലെ വി.എസിന്റെ പ്രസംഗം ചര്‍ച്ചയാകുന്നു
Kerala News
സ്വാമി വിവേകാനന്ദനെ ഹിന്ദുത്വത്തില്‍ തളച്ചിടാനാണ് ആര്‍.എസ്.എസ് ശ്രമം; വിചാരധാരാ വേദിയിലെ വി.എസിന്റെ പ്രസംഗം ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th July 2022, 1:23 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അടക്കമുള്ള നേതാക്കളുടെ സതീശനെതിരായ പരാമര്‍ശങ്ങളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെ, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആര്‍.എസ്.എസിനൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും വേദി പങ്കിട്ടിരുന്നുവെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സതീശനടക്കമുള്ളവര്‍ ഇത് ഉയര്‍ത്തിക്കാണിച്ചിട്ടുമുണ്ട്.

എന്നാല്‍ ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന പുസ്തകത്തിന്റെ തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രകാശനചടങ്ങിലാണ് 2013 മാര്‍ച്ച് 13ന് വി.എസ്. പങ്കെടുത്തത്. അതിന്റെ ചിത്രങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്. ആ വേദിയില്‍ പോലും വി.എസ് സംസാരിച്ചത് ആര്‍.എസ്.എസിന്റെ ഹിന്ദുത്വത്തിനെതിരെയാണെന്നതിന് രേഖകളുണ്ട്.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്‍ എഴുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചുകൊണ്ട് വി.എസ് ആര്‍.എസ്.എസിന് നേരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്.

”ഹിന്ദുത്വത്തിന്റെ അടഞ്ഞ അറയില്‍ സ്വാമി വിവേകാനന്ദനെ തളച്ചിടാന്‍ ശ്രമിക്കുകയാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.

സങ്കുചിതത്വത്തിന്റെ അറയില്‍ തളച്ചിടേണ്ട വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. ആത്മാവിന്റെ ദാരിദ്ര്യം തീര്‍ക്കാന്‍ തുനിഞ്ഞ സന്ന്യാസികളോട് ആദ്യം മനുഷ്യന്റെ വിശപ്പകറ്റാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

തൊഴിലാളി വര്‍ഗം പണി മുടക്കിയാല്‍ ധനികന്റെ അന്നവും മുട്ടും. ഇന്ത്യയില്‍ മറ്റാരേക്കാളും മുമ്പ് സോഷ്യലിസത്തെക്കുറിച്ച് ചിന്തിച്ചയാളാണ് വിവേകാനന്ദന്‍. തൊഴിലാളിവിപ്ലവത്തിന്റെ ആദ്യ കാല്‍വെപ്പാണ് സോഷ്യലിസമെന്നും വിവേകാനന്ദന്‍ പറഞ്ഞിരുന്നു.

അങ്ങനെയുള്ള ആ മഹാനെ ഹിന്ദുത്വത്തിന്റെ അടഞ്ഞ അറയില്‍ തളച്ചിടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വിവേകാന്ദന്റെ സ്വാധീനം കേരളത്തിലുമുണ്ടായിട്ടുണ്ട്. ഡോ. പല്‍പ്പുവും ശ്രീനാരായണ ഗുരുവും എസ്.എന്‍.ഡി.പി യോഗത്തിന് തുടക്കമിട്ടത് വിവേകാന്ദന്റെ സ്വാധീനത്താലാണ്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് ”വിവേകോദയം” എന്നായതും യാദൃച്ഛികമല്ല,” എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വി.എസ് പ്രസംഗിച്ചത്.

ഭാരതീയ വിചാരകേന്ദ്രത്തിലെ വി.എസിന്റെ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്ത 2013 മാര്‍ച്ച് 14ന് ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

”ഇന്ന് ദേശാഭിമാനി പത്രത്തില്‍ മഞ്ഞ പത്രങ്ങളെ പോലും അറപ്പിക്കുന്ന ഭാഷയിലാണ് എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്. എന്നെക്കുറിച്ച് പറഞ്ഞ ആ വാക്കുകള്‍ വന്ധ്യവയോധികനായ കേരളം മുഴുവന്‍ ആദരിക്കുന്ന ശ്രീ വി.എസ്. അച്യുതാനന്ദനും കൂടി ബാധകമാണ് എന്ന് ദേശാഭിമാനി മനസിലാക്കണം.

ബി.ജെ.പി നേതാക്കള്‍ പുറത്തുവിട്ട എന്റെ ആ ഫോട്ടോക്ക് ഏറ്റവും കൂടുതല്‍ പ്രചാരം കൊടുത്തത് ഇവിടത്തെ സി.പി.ഐ.എമ്മുകാരാണ് എന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത്.

ഇന്നലെ രാത്രിയാണ് വി.എസ് ഉദ്ഘാടനം ചെയ്യുന്ന പടം എനിക്ക് കിട്ടിയത്. വി.എസ് ഈ പുസ്തകം റിലീസ് ചെയ്തത് മാര്‍ച്ച് 13നും ഞാന്‍ മാര്‍ച്ച് 24നും,” എന്നായിരുന്നു വിഷയത്തില്‍ സതീശന്റെ പ്രതികരണം.

‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന ഇതേ പുസ്തകത്തിന്റെ തൃശൂരിലെ പ്രകാശന ചടങ്ങിലായിരുന്നു 2013 മാര്‍ച്ച് 24ന് വി.ഡി. സതീശന്‍ പങ്കെടുത്തത്.

മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം വിവാദത്തിലായ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവും ആര്‍.എസ്.എസും തമ്മിലുണ്ടായ വാക്പോരായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍.എസ്.എസിന്റെ അഭിപ്രായത്തിന് സമാനമാണെന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.

ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യില്‍ പറഞ്ഞ അതേ കാര്യങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും ആര്‍.എസ്.എസ് ആശയങ്ങള്‍ മാത്രം പഠിച്ച സജി ചെറിയാന്‍ രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് 2013ല്‍ ആര്‍.എസ്.എസ് പരിപാടിയില്‍ വി.ഡി സതീശന്‍ പങ്കെടുക്കുന്ന ചിത്രം ബി.ജെ.പി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ പുറത്തുവിട്ടത്. ‘ചില ഓര്‍മച്ചിത്രങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ, ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ഉപകരിക്കു’മെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ കുറിച്ചത്.

പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അടക്കമുള്ളവര്‍ വി.ഡി. സതീശനെതിരെ രംഗത്തുവന്നിരുന്നു.

എന്നാല്‍ ഇവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നു.

Content Highlight: VS Achuthanandan’s speech at Bharatheeya Vichara Kendram becomes a discussion