മികച്ച സിനിമയായിരുന്നിട്ടും തമിഴ്‌നാട്ടില്‍ വേണ്ടത്ര കളക്ഷന്‍ ലഭിക്കാതിരിക്കുകയാണ് സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സ്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ വിതരണക്കാരുടെ പിടിപ്പുകേട് കാരണം കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം കിതക്കുകയാണ്.

കേരളത്തില്‍ ചെറിയ റൈറ്റ്‌സ് കാരണം കഷ്ടിച്ച് ബ്രേക്ക് ഇവനാകാന്‍ വിശ്വനാഥിന് സാധിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്. 45 കോടിക്കാണ് വിശ്വനാഥിനെ തമിഴ്‌നാട്ടിലെ വിതരണക്കാര്‍ സ്വന്തമാക്കിയത്. ഇതുവരെ 50 കോടി മാത്രമാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്ന് നേടാനായത്. ബ്രേക്ക് ഇവനാകണമെങ്കില്‍ 65 കോടിയാണ് ആവശ്യം. ഈ കളക്ഷന്‍ ചിത്രത്തിന് നേടാനാകില്ലെന്നായിരുന്നു പലരും പ്രവചിച്ചത്.

പാന്‍ ഇന്ത്യന്‍ ചിത്രമായ ടോക്‌സിക് തിയേറ്ററുകളിലെത്തിയത് വിശ്വനാഥിന് തിരിച്ചടിയാകുമെന്നും സ്‌ക്രീനുകളുടെ എണ്ണം കുറയുമെന്നും പലരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ടോക്‌സിക് പരാജയമായത് വിശ്വനാഥ് ആന്‍ഡ് സണ്‍സിന് ഗുണം ചെയ്‌തെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ പലയിടത്ത് നിന്നും വാഷൗട്ടായിരിക്കുകയാണ്.

ഇതോടെ പല സ്‌ക്രീനുകളിലും വിശ്വനാഥ് ആന്‍ഡ് സണ്‍സിന് ഷോ ആഡ് ചെയ്തുകഴിഞ്ഞു. ഈ വീക്കെന്‍ഡിലും തരക്കേടില്ലാത്ത ഹോള്‍ഡുമായി വിശ്വനാഥ് മുന്നേറുന്നുണ്ട്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതിനോടകം 190 കോടിയിലേറെ നേടിക്കഴിഞ്ഞ ചിത്രം 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്യുമെന്നും സൂര്യയുടെ കരിയറിലെ അടുത്ത ഹിറ്റായി മാറുമെന്നുമാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.

ടോക്‌സിക്കിന്റെ പരാജയം സൂര്യക്ക് ഗുണം ചെയ്‌തെന്നും ആവറേജില്‍ ഒതുങ്ങേണ്ട ചിത്രം ഹിറ്റായി മാറിയെന്നും ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. കറുപ്പിന്റെ ചരിത്രവിജയത്തിന് ശേഷം സൂര്യയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായൊരുങ്ങിയ ചിത്രം വിജയമായതോടെ സൂര്യ തന്റെ സ്ഥിരം സോണിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

സൂര്യയുടെ സ്‌ട്രോങ് ഏരിയയായ ആന്ധ്ര/ തെലങ്കാനയിലും വിശ്വനാഥ് ആന്‍ഡ് സണ്‍സ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. 50 കോടിയിലേറെയാണ് ചിത്രം ആന്ധ്രയില്‍ നിന്ന് നേടിയത്. ഏറെക്കാലത്തിന് ശേഷം ഓവര്‍സീസിലും ഗംഭീര കളക്ഷന്‍ നേടാന്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് സാധിച്ചു. റിലീസിന് തയാറെടുക്കുന്ന സൂര്യ 47 ഉം ഗംഭീര വിജയമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Viswanath And Sons occurs Toxic movie’s majority screens in Tamilnadu