തിരുവനന്തപുരം: പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി ഇതുവരെ ചുമത്തിയത് 67 ലക്ഷം പിഴയെന്ന് തദ്ദേശ-സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്.
വേസ്റ്റ് വലിച്ചെറിയുന്നതിന്റെ വീഡിയോയോ ഫോട്ടോയോ അയച്ചുതന്നാല്‍ ആളെ കണ്ടെത്തി പിഴ ചുമത്തുന്നത് തുടരുമെന്നും എം.ബി. രാജേഷ് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ചുമത്തുന്ന പിഴയുടെ നാലിലൊന്ന്, ദൃശ്യങ്ങള്‍ കൈമാറിയ വ്യക്തിക്ക് പാരിതോഷികമായി നല്‍കുമെന്നും എം.ബി. രാജേഷ് പറഞ്ഞു. 9446700800 എന്ന നമ്പറിലേക്കാണ് ദൃശ്യങ്ങള്‍ അയക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ 67 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
‘സാധാരണയായി ഞാന്‍ പറയാറുണ്ട്, നിങ്ങള്‍ ഒരു പതിനായിരം രൂപയുടെ കേസ് പിടിച്ചാല്‍ 2500 രൂപ നിങ്ങളുടെ കൈയിലാണ്. 50,000 വരെ ഫൈനുണ്ട്. 50,000ത്തിന്റെ ഒരു കേസ് പിടിച്ചാല്‍ 12,500 കൈയില്‍ കിട്ടും. പിന്നെ ഒരാഴ്ച ജോലിക്ക് പോയില്ലെങ്കിലും കുഴപ്പമില്ല,’ എന്നും തമാശരൂപേണ മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗം ലോട്ടറിയും മദ്യവുമല്ലെന്നും എം.ബി. രാജേഷ് അഭിമുഖത്തില്‍ പറയുന്നു. കേരളത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗമാണ് ഇവ രണ്ടും. മദ്യത്തിന്റെ കാര്യത്തില്‍ കേരളത്തിന് ഇരട്ടത്താപ്പുണ്ട്. ഇത് പുരാതനകാലം മുതല്‍ക്കേ ഉള്ളതാണെന്നും മന്ത്രി പറഞ്ഞു.
മദ്യം നിരോധിക്കണമെന്ന ആവശ്യം അശാസ്ത്രീയമായ ഒന്നാണെന്നും ഇത് നടപ്പിലാക്കിയാല്‍ വിപരീത ഫലങ്ങളുണ്ടാകും എന്നതിന് തെളിവുണ്ടെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
‘അതിദാരിദ്ര്യ മുക്ത കേരളം’ എന്നത് പി.ആര്‍ ആണെന്ന് പറയുന്നവര്‍ അത്രയ്ക്കും വിവരദോഷികളാണ്. കേരളം ദാരിദ്ര്യമുക്തമാക്കിയെന്നല്ല സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Visuals of people throwing garbage; 67 lakh fine imposed so far: M.B. Rajesh