ആ ഷോട്ട് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നോടൊരു കാര്യം പറഞ്ഞു; സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറയുന്നതുപോലെയായിരുന്നു എനിക്ക് ആ നിമിഷം: വിഷ്ണു മഞ്ചു
Entertainment
ആ ഷോട്ട് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നോടൊരു കാര്യം പറഞ്ഞു; സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറയുന്നതുപോലെയായിരുന്നു എനിക്ക് ആ നിമിഷം: വിഷ്ണു മഞ്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th July 2025, 5:38 pm

തെലുങ്കിലെ മുന്‍നിര നടന്മാരിലൊരാളാണ് വിഷ്ണു മഞ്ചു. തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാറായിരുന്ന മോഹന്‍ബാബുവിന്റെ മകനാണ് വിഷ്ണു. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ താരം 2003ല്‍ പുറത്തിറങ്ങിയ വിഷ്ണു എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്. തെലുങ്കില്‍ നിന്ന് വന്ന ഏറ്റവും പുതിയ ചിത്രമായ കണ്ണപ്പയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

കണ്ണപ്പയില്‍ മോഹന്‍ലാലും ഒരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു മഞ്ചു. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും സൂപ്പര്‍ താരമാണെന്ന യാതൊരു ഭാവവും അദ്ദേഹം കാണിക്കില്ലെന്നും വിഷ്ണു പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടനെ ചെറുപ്പം തൊട്ടേ അറിയാം. അച്ഛന്റെ സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും. ലാലേട്ടനൊപ്പം അഭിനയിച്ചത് വലിയൊരു ഭാഗ്യമായി കാണുന്നു. മറക്കാനാവാത്ത ഒരുപാട് നല്ല നിമിഷങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ഞാനും ലാലേട്ടനുമുള്ള ഒരു സീനുണ്ടായിരുന്നു. അതില്‍ മുട്ടുകുത്തിയിട്ടായിരുന്നു എന്റെ ഭാഗം.

ആ ഷോട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം മുന്നോട്ട് വന്നിട്ട് ‘മോനേ, നീ നന്നായി ചെയ്തു’ എന്ന് പറഞ്ഞു. പുതിയ ക്രിക്കറ്റ് താരത്തോട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ‘നീ നന്നായി കളിച്ചു’ എന്ന് പറയുന്നതുപോലെയായിരുന്നു എനിക്ക് ആ നിമിഷം. ഞാനടക്കമുള്ള ആളുകള്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചെടുക്കേണ്ടതുണ്ട്.

സൂപ്പര്‍ താരമാണെന്ന യാതൊരു ഭാവവും അദ്ദേഹം കാണിക്കില്ല. അതുപോലെ അദ്ദേഹം ആളുകളോട് എങ്ങനെ പെരുമാറുന്നുവെന്നതും കണ്ടുപഠിക്കണം. സിനിമയില്‍ 16 മിനിറ്റിന് മുകളില്‍ ലാലേട്ടനുണ്ട്. മറ്റൊരു കാര്യം, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്,’ വിഷ്ണു മഞ്ചു പറയുന്നു.

Content Highlight: Vishnu Manchu Talks About Mohanlal