സച്ചിനെ വീഴ്ത്താന്‍ കോഹ്‌ലി; വേണ്ടത് ഇത്ര മാത്രം...
Cricket
സച്ചിനെ വീഴ്ത്താന്‍ കോഹ്‌ലി; വേണ്ടത് ഇത്ര മാത്രം...
ഫസീഹ പി.സി.
Monday, 13th July 2026, 11:32 am

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂലൈ 14 മുതലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ഏകദിനത്തിന്റെ വേദി.

ഇംഗ്ലണ്ടിനോട് ടി – 20 പരമ്പരയുടെ സമ്പൂര്‍ണ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ത്യന്‍ സംഘം മത്സരത്തിന് ഇറങ്ങുക. മറുവശത്ത് ഏകദിന പരമ്പരയും തൂത്തുവാരുക എന്നതാകും ത്രീ ലയണ്‍സ് ലക്ഷ്യമിടുന്നത്.

ഈ പരമ്പരയില്‍ കളത്തിലിറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയ്ക്ക് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനുള്ള അവസരമാണ് താരത്തിനുള്ളത്.

നിലവില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ കോഹ്‌ലിയ്ക്ക് 1397 റൺസാണുള്ളത്. ഇതിലേക്ക് ഒരു 59 റണ്‍സ് കൂടി ചേര്‍ത്താല്‍ സച്ചിനെ മറികടന്ന് ഇംഗ്ലണ്ട് – ഇന്ത്യ ഏകദിന മത്സരത്തില്‍ ഏറ്റവും റണ്‍സ് നേടുന്നവരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും.

ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ സച്ചിന് 1455 റണ്‍സുണ്ട്. ഈ ലിസ്റ്റില്‍ 1546 റണ്‍സുള്ള എം.എസ്. ധോണിയും 1523 റണ്‍സുള്ള യുവരാജ് സിങ്ങുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

എം.എസ്. ധോണി – 44 – 1546

യുവരാജ് സിങ് – 36 – 1523

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 37 – 1455

വിരാട് കോഹ്‌ലി – 38 – 1397

സുരേഷ് റെയ്‌ന – 32 – 1207

ആദ്യ ഏകദിനത്തിന് ശേഷം ഇന്ത്യ രണ്ട് മത്സരങ്ങള്‍ കൂടി ഇംഗ്ലണ്ടിനെതിരെ കളിക്കും. ജൂലൈ 16നും ജൂലൈ 19നുമാണ് ഈ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യഥാക്രമം സോഫിയ ഗാര്‍ഡന്‍സും ലോര്‍ഡ്സുമാണ് ഈ മത്സരങ്ങളുടെ വേദി.

Content Highlight: Virat Kohli needs 59 runs to surpass Sachin Tendulkar in most runs in India vs England ODIs

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.