ഐ.പി.എല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടര്‍ച്ചയായി രണ്ടാം സീസണിലും ചാമ്പ്യന്‍മാരായിരിക്കുകയാണ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്ലേ ബോള്‍ഡ് ആര്‍മി തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്.
ഫൈനലില്‍ ബെംഗളൂരുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് വിരാടാണ്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ ചെയ്സ് മാസ്റ്റര്‍ മൂന്ന് സിക്സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും ടോപ് സ്‌കോററും വിരാടായിരുന്നു.
ഇതോടെ ഒരു വെടിച്ചില്ല് റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിനെയും രോഹിത് ശര്‍മയെയും മറികടന്നാണ് വിരാട് ഒന്നാമനായത്.
ഐ.പി.എല്ലില്‍ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ താരങ്ങള്‍
വിരാട് കോഹ്‌ലി – 36
ഡേവിഡ് വാര്‍ണര്‍ – 35
രോഹിത് ശര്‍മ – 35
ശുഭ്മന്‍ ഗില്‍ – 31
ശിഖര്‍ ധവാന്‍ – 28
ഗൗതം ഗംഭീര്‍ – 27
സീസണില്‍ മിന്നും പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. 16 മത്സരങ്ങളില്‍ നിന്ന് 675 റണ്‍സാണ് താരം അടിച്ചെടുത്തത്. 105* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിരുന്നു. 56.25 എന്ന ആവറേജും 165.85 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
സെഞ്ച്വറിക്ക് പുറമെ അഞ്ച് അര്‍ധ സെഞ്ച്വറിയും വിരാട് സീസണില്‍ തന്റെ അക്കൗണ്ടിലാക്കി. മാത്രമല്ല കഴിഞ്ഞ മൂന്ന് സീസണിലും തുടര്‍ച്ചയായി 600+ റണ്‍സ് നേടിയ വിരാട് ബെംഗളൂരുവിന്റെ നെടുന്തൂണായിരുന്നു.
Content Highlight: Virat Kohli In Great Record Achievement In IPL History
