ജയ ജയഹേയെക്കുറിച്ച് സംസാരിക്കാന്‍ ആമിര്‍ ഖാന്‍ വരെ വിളിച്ചിരുന്നു, അവര്‍ക്കിപ്പോള്‍ റീമേക്ക് റൈറ്റ്‌സല്ല ആവശ്യം: വിപിന്‍ ദാസ്
Entertainment
ജയ ജയഹേയെക്കുറിച്ച് സംസാരിക്കാന്‍ ആമിര്‍ ഖാന്‍ വരെ വിളിച്ചിരുന്നു, അവര്‍ക്കിപ്പോള്‍ റീമേക്ക് റൈറ്റ്‌സല്ല ആവശ്യം: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th January 2025, 10:41 pm

തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ ഒരുക്കി മലയാളത്തിലെ മുന്‍നിരസംവിധായകരിലൊരാളായി നില്‍ക്കുകയാണ് വിപിന്‍ ദാസ്. 2022ല്‍ പുറത്തിറങ്ങിയ ജയ ജയ ജയ ജയഹേ ബ്ലോക്കബസ്റ്ററായി മാറുകയും പിന്നീട് ഗുരുവായൂരമ്പല നടയില്‍ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാവുകയും ചെയ്തു. വിപിന്‍ ദാസ് കഥയെഴുതിയ വാഴയും കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു.

മലയാളസിനിമയെ ബോളിവുഡ് പോലുള്ള ഇന്‍ഡസ്ട്രികള്‍ എപ്പോഴും ശ്രദ്ധിക്കുകയാണെന്ന് പറയുകയാണ് വിപിന്‍ ദാസ്. ജയ ജയഹേ ഹിറ്റാവുകയും അതിന് ശേഷം ഒ.ടി.ടിയില്‍ റിലീസാവുകയും ചെയ്തപ്പോള്‍ തന്നെ അഭിനന്ദിക്കാനായി ആമിര്‍ ഖാന്റെ ഓഫീസില്‍ നിന്ന് വരെ വിളിച്ചിരുന്നെന്ന് വിപിന്‍ ദാസ് പറഞ്ഞു. പിന്നീട് മുംബൈയില്‍ പോയ സമയത്ത് ആമിര്‍ ഖാനെയും മറ്റ് ടെക്‌നീഷ്യന്മാരെയും കണ്ട് സംസാരിച്ചിരുന്നെന്ന് വിപിന്‍ ദാസ് പറഞ്ഞു.

മലയാളത്തിലെ ഏതെങ്കിലും സിനിമ ഒ.ടി.ടി റിലീസായാല്‍ പല പ്രൊഡക്ഷന്‍ കമ്പനികളും അടുത്ത ദിവസങ്ങളില്‍ ആ സിനിമയെപ്പറ്റി സംസാരിക്കുമെന്നും അതിന്റെ റീമേക്കിനായി ശ്രമിക്കാറുണ്ടായിരുന്നെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ഇത് 2020-22 സമയത്തെ അവസ്ഥയാണെന്നും ഇപ്പോള്‍ അതില്‍ വലിയ മാറ്റം വന്നെന്നും വിപിന്‍ ദാസ് പറഞ്ഞു.

ഏതെങ്കിലും സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതിന്റെ സംവിധായകനെ കോണ്ടാക്ട് ചെയ്യുകയും അവരുമായി വര്‍ക്ക് ചെയ്യാന്‍ താത്പര്യപ്പെടുകയും ചെയ്യുകയാണ് രീതിയെന്ന് വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവനെയും മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരത്തെയും മറ്റ് ഭാഷയിലെ പ്രൊഡക്ഷന്‍ കമ്പനികള്‍ ബന്ധപ്പെട്ടത് അക്കാരണം കൊണ്ടാണെന്നും വിപിന്‍ ദാസ് പറഞ്ഞു.

മലയാളത്തില്‍ കൂടുതല്‍ ക്വാളിറ്റിയില്‍ സിനിമകള്‍ വരാന്‍ ഇത് കാരണമാകുമെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

‘ജയ ജയഹേ ഇറങ്ങി ഹിറ്റായി ഒരുപാട് പേര്‍ അഭിനന്ദിച്ച് എന്നെ വിളിച്ചു. ഒ.ടി.ടി റിലീസിന് ശേഷം കേരളത്തിന് പുറത്തും സിനിമ ചര്‍ച്ചയായി. ആമിര്‍ ഖാനൊക്കെ എനിക്ക് മെസ്സേജയച്ചിരുന്നു. പിന്നീട് മുംബൈയില്‍ പോയപ്പോള്‍ ആമിര്‍ ഖാനെയും മറ്റ് ടെക്‌നീഷ്യന്മാരെയും കണ്ട് സംസാരിച്ചിരുന്നു. അപ്പോഴാണ് അവര്‍ മലയാളസിനിമയെ വളരെ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായത്.

ഒരു മലയാളസിനിമ ഇന്ന് ഒ.ടി.ടിയില്‍ റിലീസായാല്‍ അവിടുത്തെ വലിയ പ്രൊഡക്ഷന്‍ കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ അവര്‍ ആ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യും. ആ പടത്തിന്റെ റീമേക്ക് റൈറ്റ്‌സ് കിട്ടുമോ എന്ന് ശ്രമിക്കും. ഇത് 2021-22 സമയത്തെ കഥയാണ്. ഇപ്പോള്‍ അങ്ങനെയല്ല. ഒരു മലയാളസിനിമ കേരളത്തിന് പുറത്ത് ചര്‍ച്ചയായാല്‍ അവര്‍ അതിന്റെ സംവിധായകനെ കോണ്ടാക്ട് ചെയ്യും.

അടുത്ത സിനിമയില്‍ അവരുമായി വര്‍ക്ക് ചെയ്യാന്‍ നോക്കും. ഭ്രമയുഗത്തിന് ശേഷം രാഹുലിനെയും മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരത്തെയും അന്യഭാഷയിലെ പ്രൊഡക്ഷന്‍ കമ്പനികള്‍ കേണ്ടാക്ട് ചെയ്തത് ആ കാരണം കൊണ്ടാണ്. മലയാളത്തില്‍ നല്ല ക്വാളിറ്റിയില്‍ സിനിമകളിറങ്ങാന് ഇത് സഹായമാകും,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das says Bollywood production companies like to join hands with Malayalam directors