യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്ക്ഔട്ട് പ്ലേ ഓഫ് ആദ്യ പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. ബെന്‍ഫിക്കക്ക് എതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീമിന്റെ വിജയം. ഇതോടെ ആദ്യ റൗണ്ടില്‍ തങ്ങളെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബെന്‍ഫിക്കയോട് പ്രതികാരം വീട്ടാന്‍ ലോസ് ബ്ലാങ്കോസിന് സാധിച്ചു.

മത്സരത്തില്‍ റയലിന്റെ ഏക ഗോള്‍ വലയിലെത്തിച്ചത് വിനീഷ്യസ് ജൂനിയറാണ്. ഈ ഗോള്‍ പിറന്നത് 50ാം മിനിട്ടിലായിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഈ ഗോള്‍.

വിനീഷ്യസ് ജൂനിയർ. Photo: 433/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനും വിന്നിക്ക് സാധിച്ചു. യുവേഫ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ ബ്രസീലിയന്‍ താരം എന്ന നേട്ടമാണ് സ്ട്രൈക്കര്‍ സ്വന്തമാക്കിയത്. 31 ഗോളുകളുമായാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്.

ഈ നേട്ടമാകട്ടെ ഫുട്‌ബോള്‍ ഇതിഹാസം കക്കയെ മറികടന്നാണ്. കക്കയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകളുണ്ട്. നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാമത് നെയ്മര്‍ ജൂനിയറാണ്. താരം 43 ഗോളുകളുമായാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ നേടിയ ബ്രസീലിയന്‍ താരങ്ങള്‍, എണ്ണം

നെയ്മര്‍ – 43

വിനീഷ്യസ് ജൂനിയര്‍ – 31

കക്ക – 30

റിവാള്‍ഡോ – 27

റോഡ്രിഗോ – 26

ഗബ്രിയേല്‍ ജീസസ് – 26

മത്സരത്തിനിടെ റയൽ മാഡ്രിഡ് താരങ്ങൾ. Photo: Real Madrid C.F./x.com

മത്സരത്തില്‍ ആധിപത്യം നടത്തിയാണ് റയല്‍ വിജയിച്ചത്. 4 – 4 – 2 ഫോര്‍മേഷനില്‍ ഇറങ്ങിയ ടീം ബെന്‍ഫിക്ക പോസ്റ്റിന് നേരെ പന്ത് തൊടുത്തത് 15 തവണയാണ്. അതില്‍ എട്ടെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു. മറുവശത്ത് ബെന്‍ഫിക്ക ഒമ്പത് തവണ ഷോട്ടെടുത്തപ്പോള്‍ അതില്‍ മൂന്നെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാണ്.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ട്രോഫിയില്‍ റയലും ബെന്‍ഫിക്കയും തമ്മിലുള്ള നോക്ക്ഔട്ട് പ്ലേ ഓഫ് രണ്ടാം പാദ മത്സരം ഫെബ്രുവരി 26നാണ്. റയലിന്റെ തട്ടകമായ എസ്റ്റാഡിയോ ബെര്‍ണബ്യൂവിലാണ് അരങ്ങേറുക.

 

Content Highlight: Vinicius Junior became the second-highest scoring Brazilian in UCL history by surpassing Kaka