'താങ്ക്യു മോനേ...' അന്ന് സിനിമ റിലീസായ ദിവസം രാവിലെ ലാലേട്ടന്റെ കോള്‍ വന്നു: വിനീത്
Entertainment
'താങ്ക്യു മോനേ...' അന്ന് സിനിമ റിലീസായ ദിവസം രാവിലെ ലാലേട്ടന്റെ കോള്‍ വന്നു: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 9:58 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിനീത്. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

1985ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 1986ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രമായ നഖക്ഷതങ്ങള്‍ ആണ് വിനീതിന് പ്രേക്ഷക ശ്രദ്ധ നേടികൊടുക്കുന്നത്.

പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായ നടന്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായിരുന്നു.

ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ കമലദളം സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് വിനീത്. ചിത്രത്തിലെ ‘ആനന്ദനടനം’ എന്ന പാട്ടിന് മോഹന്‍ലാലും മോനിഷയും ഡാന്‍സ് ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

കമലദളം സിനിമയില്‍ ‘ആനന്ദനടനം’ എന്ന പാട്ടിന് ലാലേട്ടനും മോനിഷയും ഡാന്‍സ് ചെയ്യുന്നത് ഞാന്‍ നേരിട്ട് കണ്ടിരുന്നു. അവര്‍ക്ക് വേണ്ടി ഒരു മോറല്‍ സപ്പോര്‍ട്ടിന് ഞാന്‍ കൂടെ തന്നെ നില്‍ക്കുകയായിരുന്നു. ചില മൂവ്‌മെന്റ്‌സൊക്കെ കാണിച്ച് കൊടുക്കാന്‍ വേണ്ടിയായിരുന്നു അത്.

അതൊക്കെ ലാലേട്ടന്‍ വളരെ ആസ്വദിച്ച് മനോഹരമായി തന്നെ ചെയ്തിരുന്നു. വളരെ അനായാസമായിട്ടാണ് ചെയ്തത്. ആ സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് എന്നും നല്ല ഓര്‍മകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അന്നത്തെ ഓരോ കാര്യങ്ങളും എനിക്ക് ഓര്‍മയുണ്ട്.

കമലദളം റിലീസായ ദിവസം ലാലേട്ടന്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ അന്ന് തലശ്ശേരിയുള്ള വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. അമ്മ പെട്ടെന്ന് വന്നിട്ട് ‘മോനേ, ലാലേട്ടന്‍ വിളിക്കുന്നു’വെന്ന് പറയുകയായിരുന്നു.

രാവിലെയാണ് അദ്ദേഹം വിളിക്കുന്നത്. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് ഫോണ്‍ എടുത്തു. അദ്ദേഹം വിളിച്ചത് ‘താങ്ക്യൂ മോനേ. നമ്മുടെ പടം വലിയ ഹിറ്റായി’ എന്ന് പറയാന്‍ വേണ്ടി ആയിരുന്നു. പിന്നീട് ഒരിക്കല്‍ അദ്ദേഹം എന്നെയും മോനിഷയെയും താജ് ഹോട്ടലില്‍ കൊണ്ടുപോയി.

125 ദിവസമോ മറ്റോ സിനിമ ഓടിയപ്പോള്‍ അതിന്റെ ഒരു പരിപാടി ഉണ്ടായിരുന്നു. അത് കഴിഞ്ഞതും അദ്ദേഹം ഞങ്ങളെ ഡിന്നറിന് കൊണ്ടുപോയി. അന്നായിരുന്നു ഞാന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോകുന്നത്,’ വിനീത് പറയുന്നു.


Content Highlight: Vineeth Talks About Mohanlal And Kamaladhalam Movie