ആ വരി ക്രിഞ്ചാണെന്ന് വൈശാഖ്, എന്റെ പടത്തില്‍ ആരെങ്കിലും നടന്ന് പോയാല്‍ തന്നെ ക്രിഞ്ചാണെന്ന് പറയുമെന്ന് ഞാന്‍: വിനീത് ശ്രീനിവാസന്‍
Entertainment
ആ വരി ക്രിഞ്ചാണെന്ന് വൈശാഖ്, എന്റെ പടത്തില്‍ ആരെങ്കിലും നടന്ന് പോയാല്‍ തന്നെ ക്രിഞ്ചാണെന്ന് പറയുമെന്ന് ഞാന്‍: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th January 2025, 12:33 pm

മലയാളസിനിമയിലെ ഓള്‍റൗണ്ടറാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി സിനിമയിലരങ്ങേറിയ വിനീത് അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തി. ധ്യാന്‍ ശ്രീനിവാസനെയും പ്രണവ് മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

2024ലെ വിജയചിത്രങ്ങളിലൊന്നായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തില്‍ പാട്ടുകള്‍ എഴുതിയത് വലിയൊരു ചടങ്ങായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. താനും വൈശാഖ് സുഗുണനും ഒരുമിച്ച് ഇരുന്നാണ് പാട്ടുകള്‍ എഴുതിയതെന്ന് വിനീത് പറഞ്ഞു.

അടുത്ത് ഇരുന്നിട്ടും തന്നോട് ഒന്നും പറയാതെ വരികള്‍ വാട്ട്‌സ് ആപ്പില്‍ അയക്കുന്നതാണ് വൈശാഖിന്റെ ശീലമെന്ന് വിനീത് കൂട്ടിച്ചേര്‍ത്തു. നല്ല വരികളെല്ലാം ചിലപ്പോള്‍ വൈശാഖ് തന്നെ മാറ്റുമെന്നും താന്‍ അത് ശ്രദ്ധിക്കുമെന്നും വിനീത് പറഞ്ഞു. ഒരുതവണ വൈശാഖ് എന്തോ മായ്ക്കുന്നത് കണ്ടപ്പോള്‍ താന്‍ എന്താണെന്ന് ചോദിച്ചെന്നും ഒരു വരി മാറ്റിയതാണെന്ന് വൈശാഖ് പറഞ്ഞെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

ആദ്യഭാഗത്തിലെ ‘തേടുക ഭാസുരമാം’ എന്ന വരിയായിരുന്നു അതെന്നും ആ വരി ഉപയോഗിച്ചാല്‍ ക്രിഞ്ചാകുമോ എന്ന സംശയം വൈശാഖിന് ഉണ്ടായിരുന്നെന്ന് വിനീത് പറഞ്ഞു. ഇത് തന്റെ സിനിമയാണെന്നും അതില്‍ ആരെങ്കിലും നടന്നുപോകുന്നത് കണ്ടാല്‍ തന്നെ ക്രിഞ്ചാണെന്ന് പലരും അഭിപ്രായപ്പെടുമെന്ന് താന്‍ മറുപടി നല്‍കിയെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

‘വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പാട്ടെഴുതാന്‍ ഞാനും വൈശാഖ് സുഗുണനും ഒരുമിച്ചാണ് ഇരുന്നത്. അവന്‍ ഒരു കാര്യവും എന്നോട് നേരിട്ട് പറയില്ല. എല്ലാം വാട്ട്‌സ് ആപ്പില്‍ മെസേജായി അയക്കുന്നതാണ് പതിവ്. തൊട്ടടുത്ത് ഇരുന്നാലും അത് തന്നെയാണ് അവന്റെ സ്വഭാവം. പാട്ടുകളുടെ വരിയും അങ്ങനെയാണ് അയച്ചുതന്നത്. അപ്പോഴെല്ലാം ഞാന്‍ അവന്റെ അടുത്ത് തന്നെ ഉണ്ടാകും.

അവന് ഒരു സ്വഭാവമുണ്ട്. നല്ല വാക്കുകള്‍ അവന്‍ തന്നെ എഡിറ്റ് ചെയ്ത് ഒഴിവാക്കും. ജീവിതഗാഥകളേ എന്ന പാട്ട് എഴുതുന്ന സമയത്ത് അതുപോലൊരു സംഭവമുണ്ടായി. അവന്‍ എന്തോ ടൈപ്പ് ചെയ്തിട്ട് മായ്ച്ചുകളഞ്ഞു. ഞാന്‍ അത് കണ്ടപ്പോള്‍ അവനോട് എന്താണെന്ന് ചോദിച്ചു. ‘ഈ വരി ക്രിഞ്ചായി തോന്നുന്നു’ എന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ അവനോട്, ‘ഇത് എന്റെ പടമാ, ഇതില്‍ ആരെങ്കിലും നടക്കുന്നത് കണ്ടാല്‍ തന്നെ പലരും ക്രിഞ്ചാണെന്ന് പറയും’ എന്ന് പറഞ്ഞ് മനസിലാക്കി,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Vineeth Sreenivasan shares the song writing experience of Varshangalkku Sesham movie