ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഞാന്‍ മമ്മൂക്കയെ റെസ്പക്ട് ചെയ്യുന്നതിന് കാരണമതാണ്; ബാക്കിയെല്ലാവരും എന്നെ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അതല്ല: വിന്‍സി അലോഷ്യസ്
Entertainment news
ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഞാന്‍ മമ്മൂക്കയെ റെസ്പക്ട് ചെയ്യുന്നതിന് കാരണമതാണ്; ബാക്കിയെല്ലാവരും എന്നെ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അതല്ല: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 5:27 pm

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. റൊമാന്റിക് ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവന്ന ട്രെയിലര്‍ നല്‍കുന്ന സൂചന.

ടൈറ്റില്‍ കഥാപാത്രമായ സോളമനെ അവതരിപ്പിക്കുന്നത് ജോജു ജോര്‍ജാണ്. ഒരു പറ്റം പുതുമുഖങ്ങളെയും ചിത്രത്തിലൂടെ ലാല്‍ ജോസ് മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നുണ്ട്.

പുതുമുഖ താരങ്ങളായ ശംഭു മേനോന്‍, ആഡിസ് ആന്റണി, ദര്‍ശന എന്നിവര്‍ക്കൊപ്പം മലയാളികളുടെ പ്രിയ താരം വിന്‍സി അലോഷ്യസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

നായികാ നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയായിരുന്നു വിന്‍സി പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയിലെ വിന്‍സിയുടെ ‘കോഴിക്കറി’ വീഡിയോയും വലിയ വൈറലായിരുന്നു.

ഈയിടെ സോളമന്റെ തേനീച്ചകള്‍ ടീം നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഈ ‘കോഴിക്കറി’ പെര്‍ഫോമന്‍സിനെ കുറിച്ച് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ മമ്മൂട്ടി പറഞ്ഞത് തന്റെ വീഡിയോയെ കുറിച്ചല്ല എന്നും സോളമന്റെ തേനീച്ചകളിലെ നായികയും ‘നായികാ നായകന്‍’ ഫെയിമുമായ ദര്‍ശനയെ കുറിച്ചാണെന്നും പറയുകയാണ് വിന്‍സി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”കോഴിക്കറി’ വീഡിയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് എന്നോടല്ല, ദര്‍ശനയോടാണ്. ‘ആ ഇയാളിപ്പൊ കുറേ പടങ്ങളിലുണ്ടല്ലോ’ എന്നായിരുന്നു എന്നോട് പറഞ്ഞത്. ‘അപ്പൊ എല്ലാ പടങ്ങളും കാണാറുണ്ടല്ലേ’ എന്ന രീതിയിലായി പോയി ഞാന്‍.

ആസ് എ പെര്‍ഫോമര്‍ ഞാന്‍ മമ്മൂക്കയെ റെസ്പക്ട് ചെയ്യുന്ന ഒരു പോയിന്റ് എന്താണെന്ന് വെച്ചാല്‍, ‘നോര്‍മല്‍ ഓഡിയന്‍സിന് എന്റെ ‘കോഴിക്കറി’ വീഡിയോ ആയിരുന്നു ദ ബെസ്റ്റ്. പക്ഷെ ആസ് എ പെര്‍ഫോമന്‍സ്, ഏറ്റവും ടഫസ്റ്റ് ദര്‍ശന ചെയ്തതായിരുന്നു എന്ന് മമ്മൂക്കറിയാം.

കലിപ്പ് മൂഡ് വെച്ച് കോഴിക്കറി വെക്കുക, ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നത് എളുപ്പമല്ല, ഭയങ്കര ടഫാണ് ആ കാര്യം. ‘ഇറച്ചിക്കോഴി വെച്ചത് താനല്ലേടോ,’ എന്ന് ദര്‍ശനയെ ചൂണ്ടിയായിരുന്നു പറഞ്ഞത്.

‘സാധാരണ എന്നോടാണല്ലോ എല്ലാവരും പറയാറ്,’ എന്ന് ഞാന്‍ അപ്പൊ വിചാരിച്ചു. ‘അവള് (ഞാന്‍) ചെയ്തത് ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ എളുപ്പമാണ്. പക്ഷെ ദര്‍ശന ചെയ്തത് ഭയങ്കര ടഫാണ്,’ എന്ന് മമ്മൂക്ക ലാല്‍ സാറിനോടും പറഞ്ഞു.

ഒരു പെര്‍ഫോമര്‍ നോക്കിക്കാണുമ്പോഴും നോര്‍മല്‍ ഓഡിയന്‍സ് നോക്കിക്കാണുമ്പോഴുമുള്ള വ്യത്യാസം ആണിത്. അക്കാര്യത്തില്‍ ഞാന്‍ മമ്മൂക്കയെ റെസ്പക്ട് ചെയ്യുന്നുണ്ട്,” വിന്‍സി പറഞ്ഞു.

ബിനു പപ്പു, സുനില്‍ സുഗത, ജോണി ആന്റണി, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് 18നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് രഞ്ജന്‍ എബ്രഹാമാണ്.

വികൃതി, ഭീമന്റെ വഴി, ജന ഗണ മന, കനകം കാമിനി കലഹം എന്നിവയാണ് വിന്‍സിയുടെ മുമ്പ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

Content Highlight: Vincy Aloshious talks about Mammootty