മമ്മൂട്ടി- ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ വമ്പന്‍ അപ്ഡേറ്റ്
Entertainment news
മമ്മൂട്ടി- ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ വമ്പന്‍ അപ്ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 1:44 pm

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമ. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നതെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വലിയെരു അപ്‌ഡേറ്റ് തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഓഗസ്റ്റ് 17ന് വൈകിട്ട് ആറ് മണിക്ക് പുറത്ത് വിടുമെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ നടത്തി കഴിഞ്ഞു.

ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഡോക്ടര്‍ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ നടന്‍ വിനയ് ആണ് ഈ ചിത്രത്തിലും വില്ലന്‍ വേഷത്തില്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ, ചമയം ജിതേഷ് പൊയ്യ, നിര്‍മാണ നിര്‍വഹണം അരോമ മോഹന്‍. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലും ചിത്രത്തിന് ഷൂട്ടുണ്ട്.


ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

Content Highlight: Mammooty and B unnikrishnan joining movie first look poster and title releasing date announced