ലാല്‍ ജോസ് സാര്‍ എന്റെ സൗന്ദര്യം കണ്ടിട്ട് ഇപ്പൊ വിളിക്കും എന്നൊക്കെ വിചാരിച്ചിരുന്നു: വിന്‍സി അലോഷ്യസ്
Entertainment news
ലാല്‍ ജോസ് സാര്‍ എന്റെ സൗന്ദര്യം കണ്ടിട്ട് ഇപ്പൊ വിളിക്കും എന്നൊക്കെ വിചാരിച്ചിരുന്നു: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 7:47 pm

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. സിനിമയിലെ പാട്ടുകളും ട്രെയ്‌ലറുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒരുപാട് പുതുമുഖങ്ങളെ ലാല്‍ജോസ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോര്‍ജാണ്.

പുതുമുഖ താരങ്ങളായ ശംഭു മേനോന്‍, ആഡിസ് ആന്റണി, ദര്‍ശന എന്നിവര്‍ക്കൊപ്പം മലയാളികളുടെ പ്രിയതാരം വിന്‍സി അലോഷ്യസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ലാല്‍ജോസ് ആരെന്ന് അറിയുന്നതിന് മുമ്പ് തന്നെ കുട്ടിക്കാലത്ത് അദ്ദേഹത്തെ കണ്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിന്‍സി. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒള്ളൂരിലെ ഒരു മഠത്തിലേക്ക് ഇടവകയില്‍ നിന്നും പോയ വിനോദയാത്രയിലാണ് ലാല്‍ജോസിനെ ആദ്യമായി കണ്ടതെന്ന് വിന്‍സി ഓര്‍ത്തെടുക്കുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ ന്യൂസില്‍ അമൃത. ടി. സുരേഷിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി അനുഭവം പങ്കുവെച്ചത്.

അന്ന് അദ്ദേഹം സിനിമയൊക്കെ എടുക്കുന്ന ആളാണെന്നിഞ്ഞപ്പോള്‍ തന്റെ സൗന്ദര്യം കണ്ട് സിനിമയിലെടുക്കുമെന്ന് വിചാരിച്ചിരുന്നെന്നും ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ സിനിമയിൽ നായികയായി എത്തിയെന്നും വിന്‍സി പറഞ്ഞു.

‘ഞാനന്ന് ചെറുപ്പമാണ്, മൂന്നാം ക്ലാസ്സില്‍ പഠിക്കുകയാണ്, ലാല്‍ജോസ് എന്താണെന്നു പോലും എനിക്കറിയില്ല. എല്ലാരും അതാ ഡയറക്ടര്‍ പോവുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അപ്പൊ നോക്കിയപ്പോ ഒരു ബ്ലാക് ഷര്‍ട്ട് ഇട്ട് സാര്‍ പള്ളിയിലേക്ക് കയറി പോയി .

അന്ന് എല്ലാരും പറയുന്നത് കേട്ടു അത് സിനിമ എടുക്കുന്ന ആളാണ് എന്ന്. അന്നെനിക്ക് സിനിമ എന്ന് പറയുന്നത് വലിയ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ആയ ഒന്നായിരുന്നു. കാവ്യാ മാധവനെയും മീര ജാസ്മിനെയും കാണുമ്പോ അവരെ പോലെ ആവണം, അവരെ പോലെ ഒരുങ്ങി നടക്കണം, പെട്ടന്ന് വളരണം അങ്ങനെ ഒക്കെ ചിന്തിക്കുന്ന സമയം.

അന്ന് ഞാന്‍ വിചാരിച്ചു സാര്‍ സാറിന്റെ പടത്തിലേക്ക് കുഞ്ഞിപ്പിള്ളേരെ ഒക്കെ എടുക്കുമായിരിക്കും, എന്റെ സൗന്ദര്യം കണ്ടിട്ട് ഇപ്പൊ വിളിക്കും, ദാ ആ കുട്ടി വരട്ടെ എന്നൊക്ക പറയും വിചാരിച്ചിട്ട് തല ഒക്കെ പുറത്തോട്ടിട്ട് നിന്നിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ കണ്ടുമുട്ടി, അങ്ങനെ നായിക നായകന്‍ സംഭവിച്ചു.’

ലാല്‍ ജോസിന്റെ സിനിമയില്‍ നായികയായി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ചിക്കന്‍ പോക്‌സ് അയി വീട്ടിലിരുന്നപ്പോഴാണ് നായിക നായകനെപ്പറ്റി കാണുന്നതെന്നും അങ്ങനെ ഇവിടെത്തിയെന്നും വിന്‍സി പറയുന്നു

‘ലാല്‍ ജോസ് എന്ന പേരേ എന്റെ മൈന്‍ഡില്‍ ഉണ്ടായിരുന്നില്ല.. പിന്നെ ചിക്കന്‍ പോക്‌സ് അടിച്ചു വീട്ടിലിരുന്നപ്പോഴാണ് കച്ചിത്തുരുമ്പ് എന്ന രീതിയില്‍ നായിക നായകനെ പറ്റി കണ്ടത് അപ്പോഴാണ് ലാല്‍ ജോസ് സാറിന്റെ സിനിമയിലെങ്ങാനും കിട്ടുമോ എന്ന് ചിന്തിക്കുന്നത്.’

ലാല്‍ ജോസിനെക്കാളും അദ്ദേഹത്തിന്റെ സിനിമകള്‍ മനസ്സില്‍ തങ്ങിനിന്നിരുന്നുവെന്നും വിന്‍സി പറയുന്നു. ക്ലാസ്സ്മേറ്റ്‌സ്, മീശമാധവന്‍, അയാളും ഞാനും തമ്മില്‍ ഒക്കെ ഒരുപാടിഷ്ടമാണെന്നും എല്‍.ജെ ഫിലിംസിന്റെ സിനിമകൾ ശ്രദ്ധിക്കാറുണ്ടെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

‘എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ഇറങ്ങുന്ന പടങ്ങൾ ഞാന്‍ ശ്രദ്ധിക്കാറുണ്ട്, പ്രത്യേകിച്ച് എല്‍.ജെ എന്ന ആ സൈനൊക്കെ. പിന്നെ എല്‍.ജെ എന്ന ബ്രാന്‍ഡ് നെയിം ഒരു സംഭവമായി തോന്നിയത് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോഴാണ്.’

നായികാ നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയായിരുന്നു വിന്‍സി അലോഷ്യസ് എന്ന കലാകാരി പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയിലെ വിന്‍സിയുടെ ‘കോഴിക്കറി’ വീഡിയോയും വലിയ വൈറലായിരുന്നു. വികൃതി, ഭീമന്റെ വഴി, ജന ഗണ മന, കനകം കാമിനി കലഹം എന്നിവയാണ് വിന്‍സിയുടെ മുമ്പ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

ബിനു പപ്പു, സുനില്‍ സുഗത, ജോണി ആന്റണി, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് 18നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് രഞ്ജന്‍ എബ്രഹാമാണ്.

Content Highlight: Vincy Aloshious about Director Lal Jose