എതിരെ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടൊവി ബ്രോ; തല്ലുമാലക്ക് അഭിനന്ദങ്ങളുമായ് പെപ്പെ; ഉള്ളില്‍ സങ്കടുണ്ടല്ലേയെന്ന് കമന്റുകള്‍
Film News
എതിരെ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടൊവി ബ്രോ; തല്ലുമാലക്ക് അഭിനന്ദങ്ങളുമായ് പെപ്പെ; ഉള്ളില്‍ സങ്കടുണ്ടല്ലേയെന്ന് കമന്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 7:36 pm

ടൊവിനോ നായകനായ തല്ലുമാല തകര്‍പ്പന്‍ വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തല്ല് ഒരു പ്രധാനകഥാപാത്രം തന്നെയായ ചിത്രത്തിന്റെ ഓരോ ദിവസത്തെ ഷോകളും ഹൗസ്ഫുള്ളാണ്. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആന്റണി വര്‍ഗീസ് പെപ്പെ.

‘തല്ലുകൂടി ഹിറ്റടിച്ച് …
എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടൊവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്,’ എന്നാണ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.

അടിപടങ്ങളുടെ രാജാവായ ആന്റണിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആന്റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസിലെ പെപ്പെ ആദ്യമുണ്ടാക്കുന്ന തല്ലില്‍ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിന്നവനെയാണ് ആദ്യം തല്ലിയത്. ഈ രംഗമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. തല്ലുമാലയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പലരും പെപ്പെയുടെ അടിപടങ്ങളെ പരാമര്‍ശിച്ചിരന്നു.

അതേസമയം രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ‘ലെ പെപ്പേട്ടന്‍.. ന്നാലും ആ കല്യാണ ഇടിയില്‍ എങ്കിലും എന്നേ ഗസ്റ്റ് ആയിട്ട് വിളിക്കാമായിരുന്നു ടൊവി ബ്രോ. ചുമ്മാ വന്നോരും പോയോരും വരെ ഇടി’, ‘പെപ്പെ കൂടി ഉണ്ടായിരുന്നേല്‍ പൊളിച്ചേനെ !’, ആന്റണി ബ്രോ തല്ലുമാലയില്‍ ചാന്‍സ് കിട്ടാത്തതില്‍ നല്ല വിഷമമുണ്ടല്ലെ’, ‘ഒമേഗ ബാബു ആയി നിങ്ങള്‍ കൂടി വന്നാല്‍ പൊളി ആയിരുന്നു’, ‘ഇടി എന്ന് പറഞ്ഞാ ആന്റണി അണ്ണന്റെ അടി അതല്ലേ അടി,’ എന്നിങ്ങനെ പോകുന്നു കമന്റകള്‍.

അതേസമയം കളക്ഷനിലും വന്‍കുതിപ്പാണ് തല്ലുമാല നടത്തുന്നത്. നാല് ദിവസം കഴിഞ്ഞപ്പോള്‍ മുപ്പത് കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. ഇതോടെ ടൊവിനോയുടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ കയറിയിരിക്കുകയാണ് തല്ലുമാല.

റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രം നേടിയത് 30.5 കോടി രൂപയാണ്. സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ നിന്ന് 2.85 കോടി രൂപ നേടാന്‍ തല്ലുമാലക്ക് സാധിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നായി വസീമും സംഘവും നേടിയത് നാല് കോടി രൂപയാണ്. കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 13.85 കോടി രൂപ പെട്ടിയിലാക്കാന്‍ ചിത്രത്തിന് സാധിച്ചു.

Content Highlight: antony varhese peppe praises thallumaala