ആ നടന്‍ ഒഴിച്ചിട്ട സ്ഥലത്തേക്ക് ഇന്നേവരെ മറ്റൊരാള്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല, കാലിയായി കിടക്കുകയാണ്: വിനയ് ഫോര്‍ട്ട്
Entertainment
ആ നടന്‍ ഒഴിച്ചിട്ട സ്ഥലത്തേക്ക് ഇന്നേവരെ മറ്റൊരാള്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല, കാലിയായി കിടക്കുകയാണ്: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 12:48 pm

പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് വിനയ് ഫോര്‍ട്ട്. നായകനായും സഹനടനായും നിരവധി സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിനയ്ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ ആട്ടത്തില്‍ ഗംഭീര പ്രകടനമായിരുന്നു വിനയ്യുടേത്. ഈ വര്‍ഷം പുറത്തിറങ്ങിയ സംശയം എന്ന ചിത്രത്തിലും വിനയ്‌യുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒരു ആര്‍ട്ടിസ്റ്റിന് ചെയ്ത് ഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യം കോമഡിയാണെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. താന്‍ പല തരത്തിലുള്ള വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ ഏറ്റവും പ്രയാസം കോമഡി ചെയ്ത് ഫലിപ്പിക്കാനാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. താന്‍ മാത്രമല്ല, പല ആര്‍ട്ടിസ്റ്റുകളും കോമഡി സീനില്‍ പാടുപെടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജഗതി ശ്രീകുമാര്‍ എന്ന നടന്റെ സ്ഥാനത്ത് ഇന്നേവരെ മലയാളത്തില്‍ ഒരു പകരക്കാരനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും താരം പറയുന്നു. ആ ഏരിയ ഇപ്പോള്‍ കാലിയായി കിടക്കുകയാണെന്നും ആര്‍ക്കും അവിടേക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്നും വിനയ് പറഞ്ഞു. സംശയം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്രയും കാലത്തെ കരിയറിനിടയില്‍ ഞാന്‍ 70ലധികം പടം ചെയ്തിട്ടുണ്ട്. അതില്‍ പല തരത്തിലുള്ള കഥാപാത്രങ്ങളുണ്ട്. പക്ഷേ, ഏറ്റവും പ്രയാസം കോമഡി ചെയ്ത് ഫലിപ്പിക്കാനാണ്. സത്യം പറഞ്ഞാല്‍ എനിക്ക് മാത്രമല്ല, പല ആര്‍ട്ടിസ്റ്റുകളും കോമഡി സീനുകള്‍ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാറുണ്ട്. ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ് ഇതൊക്കെ.

സ്ലോ മോഷനിലും വലിയ ഓറയിലുമൊക്കെ നമ്മള്‍ ആഘോഷിക്കുന്ന പല നടന്മാരെയും കോമഡി റോളിലേക്ക് കൊണ്ടുവരാന്‍ പറ്റുമോ? അവര്‍ക്കൊന്നും അത് ചെയ്യാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. അപ്പോഴും കോമഡി ചെയ്യുന്ന നടന്മാരെ കോമാളിയായിട്ടാണ് പലരും കാണുന്നത്. സെന്റി സീനുകളും സട്ടിലായിട്ടുള്ള പെര്‍ഫോമന്‍സുമൊക്കെ നടത്തുന്നവര്‍ക്ക് പോലും കോമഡി ഗംഭീരമായി ചെയ്യാന്‍ പറ്റില്ല.

കൊമേഡിയന്‍ എന്ന വാക്ക് ആ ആര്‍ട്ടിസ്റ്റിന് കിട്ടുന്ന കോംപ്ലിമെന്റാണ്. പക്ഷേ, പലരെയും കോമാളിയായിട്ടാണ് നമ്മള്‍ നോക്കിക്കാണുന്നത്. ജഗതി ശ്രീകുമാര്‍ എന്ന നടന് ഇന്നേവരെ മലയാളത്തില്‍ ഒരു റീപ്ലേസ്‌മെന്റ് ഉണ്ടായിട്ടില്ല. അദ്ദേഹം ഇവിടെ ഉണ്ടാക്കിയെടുത്ത ഏരിയ കംപ്ലീറ്റ് കാലിയായി കിടക്കുകയാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Fort saying no-one can find a replacement for Jagathy Sreekumar in Malayalam Cinema