100ഉം 500ഉം കോടി കളക്ഷനുകളുടെ എത്രയോ മുകളിലാണ് ആ മലയാള നടന്മാര്‍ നേടിയ കാര്യങ്ങള്‍: വിനയ് ഫോര്‍ട്ട്
Entertainment
100ഉം 500ഉം കോടി കളക്ഷനുകളുടെ എത്രയോ മുകളിലാണ് ആ മലയാള നടന്മാര്‍ നേടിയ കാര്യങ്ങള്‍: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 6:37 pm

2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തിയ പ്രേമം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.

ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഏറെ മൂല്യമുള്ള മനുഷ്യരാണെന്ന് പറയുകയാണ് നടന്‍. മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങളെ വെച്ച് ഇരുവരെയും നമുക്ക് കണക്കാക്കാന്‍ പറ്റില്ലെന്നും വിനയ് പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ആര്‍ട്ട് എന്ന നിലയിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഏറെ മൂല്യമുള്ള മനുഷ്യരാണ് മമ്മൂക്കയും ലാലേട്ടനും. നമ്മള്‍ സാധാരണ പറയുന്ന മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങളെ വെച്ച് ഇരുവരെയും നമുക്ക് കണക്കാക്കാന്‍ പറ്റില്ല.

മലയാള സിനിമയുടെ ചരിത്രം എടുത്ത് കഴിഞ്ഞാല്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും അവരുടെ സിനിമകളുമൊക്കെ എവിടെയോ നില്‍ക്കുകയാണ്. പൈസ് വെച്ച് തുലനം ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലുള്ള വ്യക്തികളല്ല ഇരുവരും.

അത്രയേറെ ലെജന്ററി ആയ ആളുകളാണ് മമ്മൂക്കയും ലാലേട്ടനും. ഇനി മലയാള സിനിമ എത്രവര്‍ഷം ഉണ്ടായാലും അവര്‍ നേടിയെടുത്ത ആര്‍ട്ടിസ്റ്റിക് ജീനിയസ് എന്ന ഏരിയയിലേക്ക് വേറെയൊരു മനുഷ്യനും കൈയെത്തി പിടിക്കാന്‍ ആവില്ല.

നമ്മള്‍ പറയുന്ന പൈസയുടെ അളവും ഇവര്‍ക്ക് മുന്നില്‍ ഒന്നുമല്ല. 50 കോടി, 100 കോടി, 500 കോടി തുടങ്ങിയ കളക്ഷനുകളുടെയൊക്കെ എത്രയോ മുകളിലാണ് അവര്‍ നേടിയെടുത്ത കാര്യങ്ങള്‍. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.

Content Highlight: Vinay Forrt Talks About Mammootty And Mohanlal