മാസ് ലുക്കില്‍ പൃഥ്വിരാജ്; താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിലായത്ത് ബുദ്ധ ടീം
Malayalam Cinema
മാസ് ലുക്കില്‍ പൃഥ്വിരാജ്; താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിലായത്ത് ബുദ്ധ ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th October 2023, 8:33 pm

ജയൻ നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് വിലായത്ത് ബുദ്ധ. ഇപ്പോൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മരം മുറിക്കുന്ന മെഷീനുമായി മുണ്ട് മടക്കി സിഗരറ്റ്
വലിച്ചു നിൽക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

ജി.ആർ. ഇന്ദുഗോപൻ എഴുതിയ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് അതേ പേരിൽ തന്നെ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ജി.ആർ. ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.


ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നാണ് വിലായത്ത് ബുദ്ധ നിർമ്മിക്കുന്നത്. മരിച്ചുപോയ സംവിധായകൻ സച്ചി 2020 ൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.

ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സച്ചിയുടെ മരണം സംഭവിക്കുന്നതും തിരക്കഥ അപൂർണ്ണമാകുന്നതും. പിന്നീട് അയ്യപ്പനും കോശിയിലും അനാർക്കലിയിലുമെല്ലാം സച്ചിയുടെ അസോസിയേറ്റായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

 

ഡബിൾ മോഹനൻ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ചന്ദനമരത്തിന്റെ മോഷണമാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പരിക്കുപറ്റിയ പൃഥ്വിരാജ് കുറച്ചുകാലം വിശ്രമത്തിലായിരുന്നു.
പൃഥ്വിരാജിന് പുറമേ കോട്ടയം രമേശ്, ഷമ്മി തിലകൻ, അനുമോഹൻ, പ്രിയംവദാ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപാണ്. 777 ചാർലി, കാന്താര എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ അരവിന്ദ് ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. ജേക്സ് ബിജോയ്‌ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രസംയോജനം ശ്രീജിത്ത്‌ സാരംഗ്.


മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ്‌ തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ.

 

Content Highlight: Vilayathu Bhudha Film Release A New Poster For Prithviraj’s Birthday