ജനങ്ങള്‍ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്; അവര്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും: അശോക് ഗെഹ്‌ലോട്ട്
national news
ജനങ്ങള്‍ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്; അവര്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും: അശോക് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 8:06 pm

 

ജയ്പൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ തയ്യാറാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

ജനങ്ങള്‍ നല്ല ഭരണമാണ് ആഗ്രഹിക്കുന്നതെന്നും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അതിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമടക്കമുള്ള വെല്ലുവിളികള്‍ക്കിടയിലും കോണ്‍ഗ്രസ് സര്‍ക്കാരിന് മികച്ച ഭരണം കാഴ്ചവെക്കാനായെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.

കോണ്‍ഗ്രസിനെ പുറത്താക്കാനുള്ള ഗൂഢാലോചനയുടെ പേരില്‍ ബി.ജെ.പി നേതാക്കളോട് ജനങ്ങള്‍ക്ക് ഇപ്പോഴും രോഷമുണ്ടെന്നും അവര്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാന്‍ തയ്യാറാണെന്നും ഗെലോട്ട് പറഞ്ഞു.

‘വിദ്യാഭ്യാസം, ആരോഗ്യം, ജലം എന്നിങ്ങനെ എല്ലാ മേഖലയിലും സര്‍ക്കാര്‍ മികച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടു. ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ് അടിത്തട്ടില്‍ നിന്നുള്ള പ്രതികരണം,’ അദ്ദേഹം പറഞ്ഞു.

അതേസമയം, 200 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബര്‍ 25നും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനും നടക്കും.

Content Highlights: People ready to bring Congress back to power, says Ashok Gehlot