മമ്മൂക്ക ചെയ്താൽ ഇടിവെട്ട് പടമാവും, ആ ചിത്രം ചരിത്രമായി മാറും: പ്രമോദ് വെളിയനാട്
Malayalam Cinema
മമ്മൂക്ക ചെയ്താൽ ഇടിവെട്ട് പടമാവും, ആ ചിത്രം ചരിത്രമായി മാറും: പ്രമോദ് വെളിയനാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th October 2023, 7:23 pm

നാടക വേദയിൽ നിന്ന് സിനിമയിൽ എത്തി കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് പ്രമോദ് വെളിയനാട്. അഭിനയത്തിൽ പുതിയ സാധ്യതകൾ പരീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴും ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കിയിരിക്കുകയാണ് പ്രമോദ്.

സിനിമയുടെ കഥ ഏകദേശം ഓക്കേ ആണെന്നും ഇനി ഒരു നടനെ കിട്ടിയാൽ മാത്രം മതിയെന്നുമാണ് പ്രമോദ് പറയുന്നത്. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രമോദ്.

‘ഒരു പടത്തിനു വേണ്ടിയുള്ള കഥ ഏകദേശം എഴുതി റെഡിയായി വന്നിട്ടുണ്ട്. മലയാളത്തിലെ ഇടിവെട്ട് പടമായിരിക്കുമത്. കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ മനസ്സിലുള്ള ഒരു കഥയാണ്. കുട്ടനാടിന്റെ ജീവിതമുള്ള കഥയാണത്. ശരിക്കും ഇതിലെ നായകൻ ഞാൻ തന്നെയാണ്. കഥ ഞാനൊരു പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു പറഞ്ഞിരുന്നു. എനിക്കൊരു വലിയ സംവിധായകനോട് ഈ കഥ പറയണമെന്നായിരുന്നു ആഗ്രഹം. പേര് ഞാൻ പറയുന്നില്ല.

ആദ്യം തന്നെ ഇത്രയും വലിയൊരു സംവിധായകനെ ആഗ്രഹിച്ചത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ പ്രൊഡക്ഷൻ കൺട്രോളർ വഴി അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. കഥ പറയുമ്പോൾ എനിക്ക് പെർഫോം ചെയ്തുകൊണ്ട് കഥ പറയണം.

ഏകദേശം 10 മണിക്ക് തുടങ്ങിയ കഥ പറച്ചിൽ വൈകിട്ട് മൂന്നേ മുക്കാല് വരെ നീണ്ടുനിന്നിരുന്നു. അത്രയും നേരം ആ സംവിധായകൻ ഒറ്റയിരിപ്പായിരുന്നു. ഞാനൊരു നൂറ് പേരോട് കഥ മുൻപ് പറഞ്ഞിട്ടുണ്ട്. പല രീതിയിലുള്ളവരോട് പലതരത്തിലാണ് ഞാൻ കഥ പറഞ്ഞിട്ടുള്ളത്. ഇതെന്റെ കഥയാണെന്ന് കുറേക്കാലം കഴിഞ്ഞ് എല്ലാവരും അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

അനർഘനിർഗളമായി ഞാൻ ആ കഥ പറഞ്ഞു എന്നതാണ് സത്യം. കഥ കേട്ട സംവിധായകൻ കൈകൊണ്ട് മേശയിൽ അടിച്ചിട്ട് പറഞ്ഞു ഈ കഥ നമ്മൾ സിനിമയാക്കുമെന്ന്. കഴിഞ്ഞ നവംബർ ഒന്നാം തീയതി ഞാൻ ഇതിന്റെ സ്ക്രിപ്റ്റ് കൈമാറി. അത് ചെറിയ ബഡ്ജറ്റിൽ ചെയ്യാൻ പറ്റുന്ന ഒരു സിനിമയല്ല. അത് മലയാളത്തിലെ ഒരു വമ്പൻ ചിത്രമായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.

ആ സിനിമ നടന്നാൽ ഒരു 30 ദിവസത്തോളം എന്റെ നാട്ടിൽ ഷൂട്ടിങ്‌ ഉണ്ടാകും. അന്നെനിക്ക് രാജാവായിട്ട് നടക്കണം. മലയാളത്തിൽ ആ സിനിമ ചരിത്രമായി മാറുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. സിനിമയിലെ നായകനൊരു കർഷക തൊഴിലാളിയാണ്. നല്ല അധ്വാനിയാണ്. കഥാപാത്രം ആരു ചെയ്യുമെന്നുള്ള ചിന്തയിൽ മമ്മൂക്കയെല്ലാം കടന്നു വന്നിരുന്നു. മമ്മൂക്കയൊക്കെ ചെയ്താൽ ആ ചിത്രം വമ്പൻ സിനിമയായി മാറും.

തമിഴ് സിനിമയിൽ ആണെങ്കിൽ ഒരുപാട് പേർക്ക് ഈ വേഷം ചേരും. ഇപ്പോൾ ഈ സിനിമയുടെ പ്രധാന പ്രതിസന്ധി ഇതാണ്. കഥാപാത്രത്തിന് പറ്റിയ ഒരു നടനെ കിട്ടുന്നില്ല. ജോജുവിനൊന്നും ഡേറ്റ് ഇല്ല. മമ്മൂക്ക ശരിക്കും ആ വേഷത്തിന് മുകളിൽ നിൽക്കുന്ന ആളാണ്. നായകനെ കണ്ടാൽ ഒരു കരുത്തനാണെന്ന് തോന്നണം. സിനിമ തീർച്ചയായും നടക്കുമെന്നാണ് എന്റെ പ്രതീക്ഷ,’ പ്രമോദ് പറഞ്ഞു.

Content Highlight: Actor Pramodh Veliyanad Talk About His New Story for a Newly Written Film