ലോകേഷിന്റെ വിളിക്കായി കാത്തിരിക്കുന്നു: വിജയ് ദേവരകൊണ്ട
Entertainment news
ലോകേഷിന്റെ വിളിക്കായി കാത്തിരിക്കുന്നു: വിജയ് ദേവരകൊണ്ട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 8:45 am

ഓഗസ്റ്റ് 25നാണ് വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലൈഗര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ ലോകേഷിന്റെ വിളിക്കായി കാത്തിരിക്കുകയാണ് എന്ന് പറയുകയാണ് വിജയ് ദേവരകൊണ്ട.

തമിഴില്‍ ലോകേഷ് കനകരാജിനൊപ്പവും, വെട്രിമാരനൊപ്പവും, പാ. രഞ്ജിത്തിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഇവരോടൊക്കെ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നുമാണ് വിജയ് പറഞ്ഞത്.

‘ലോകേഷ് കനകരാജിനൊപ്പവും, പാ രഞ്ജിത്തിനൊപ്പവും, വെട്രിമാരനൊപ്പവും വര്‍ക്ക് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്, ഇവരോടെല്ലാം ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

ലോകേഷിന്റെ യൂണിവേഴ്‌സിലേക്ക് വരാനായി ഒരു കോളിനായി ഞാന്‍ കാത്തിരിക്കുകയാണ് അങ്ങനെ വന്നാല്‍ ഞാന്‍ ഉറപ്പായും തമിഴ് സിനിമ ചെയ്യും അതുവരെ എന്റെ ചിത്രങ്ങള്‍ തെലുങ്കില്‍ അഭിനയിച്ച് തമിഴില്‍ ഡബ് ചെയ്യാനാണ് തിരുമാനിച്ചിരിക്കുന്നത്,’ വിജയ് ദേവരകൊണ്ട പറഞ്ഞു.

ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് ലൈഗര്‍. ഒരു ചായക്കടക്കാരനില്‍ നിന്നും ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.

യു.എസിലാണ് ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പൂരി ജഗനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക.

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയുമെത്തും. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

Content Highlight: Vijay Deverakonda says that he is waiting for a call from Lokesh Kanagaraj