കൊച്ചി: ഭരത് കമ്മ സംവിധാനം ചെയ്യുന്ന “ഡിയര്‍ കോമ്രേഡ്” എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളിലായാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ആക്ഷനും പ്രണയവും ഒരേ അളവിൽ സമന്വയിക്കുന്ന ഒരു ക്യാമ്പസ് ചിത്രമാണ് “ഡിയർ കോമ്രേഡ്” എന്ന സൂചനയായാണ് ടീസർ നൽകുന്നത്.
വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവരാണ് ചിത്രത്തിൽ നായികാ നായകന്മാരായി എത്തുന്നത്. അമേരിക്കനിന്ത്യൻ സംഗീത സംവിധായകനും ഗായകനുമായ സിഡ് ശ്രീറാം പാടിയ മനോഹര ഗാനത്തിന്റെ അകമ്പടിയോടെയാണ് ടീസർ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ഇതാദ്യമായാണ് സിഡ് ശ്രീറാം മലയാളത്തിൽ ഒരു ഗാനം ആലപിക്കുന്നത്.
“ഡിയര്‍ കോമ്രേഡ്” ചിത്രീകരണ വേളയിൽ ദുൽഖർ ചിത്രം “സി.ഐ.എ.”യുടെ റീമേക്ക് ആണിതെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ സമയത്തും വീണ്ടും ചിത്രത്തെ “സി.ഐ.എ”യുമായി ബന്ധപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു . എന്നാൽ ഈ വാര്‍ത്തകളെയെല്ലാം സംവിധായകന്‍ ഭരത് കമ്മ നിഷേധിച്ചിട്ടുണ്ട്.
