8 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറല്ല; ബീഹാറില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം
D' Election 2019
8 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറല്ല; ബീഹാറില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 1:00 pm

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 11 സീറ്റിലാണ് മത്സരിക്കാന്‍ തീരുമാനമായത്. എന്നാല്‍ 8 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ ആര്‍.ജെ.ഡി തയ്യാറല്ല എന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പ് പ്രതിപക്ഷ മഹാ സഖ്യത്തില്‍ കോണ്‍ഗ്രസിന് 11 സീറ്റ് നല്‍കുന്നതില്‍ എല്ലാവരും തൃപ്തരാണെന്നും വരും ദിവസങ്ങളില്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്.

20 സീറ്റില്‍ ആര്‍.ജെ.ഡി മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ഇടത് പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കും.

ALSO READ: മനോഹർ പരീക്കറിന്റെ നില ഗുരുതരം; പുതിയ മുഖ്യമന്ത്രിയെ തേടി ബി.ജെ.പി

ബി.ജെ.പി പട്ടികയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അടക്കം അഞ്ച് പേരുടെ സ്ഥാനാര്‍ത്ഥിത്വമാണ് പ്രഖ്യാപിച്ചത്. ഗിരിരാജ് സിംഗ് ബെഗുസരായിലാണ് മത്സരിക്കുന്നത്. കിഴക്കന്‍ ചമ്പാരനില്‍ രാധാ മോഹന്‍ സിംഗും ആരയില്‍ ആര്‍. കെ സിംഗ്, ബക്‌സറില്‍ അശ്വിനി കുമാര്‍ ചൗഭി, പാട്‌ലിപുത്രയില്‍ രാം കൃപാല്‍ യാദവ് എന്നിവരും മത്സരിക്കും.

ബെഗുസരായിയില്‍ കനയ്യകുമാര്‍ മത്സരിക്കുകയാണെങ്കില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് വിശാലസഖ്യം കനയ്യയെ പിന്തുണയ്ക്കും.
എന്നാല്‍ ആര, ബുക്‌സര്‍, പാട്‌ലിപുത്ര എന്നീ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കണമെന്ന് നീതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി.യു ബി.ജെ.പിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു.

ഏഴു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 11ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് മെയ് 19 വരെ നീളും. കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും പുറമെ ഉപേന്ദ്ര ഖുഷ്വാഹയുടെ ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളും മുന്നണിയിലുണ്ട്.