തോക്കും വാളും വീശി നൃത്തം ചെയ്ത് ഹിന്ദുത്വര്‍; ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥനഗറില്‍ നിന്നുള്ള വീഡിയോ
national news
തോക്കും വാളും വീശി നൃത്തം ചെയ്ത് ഹിന്ദുത്വര്‍; ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥനഗറില്‍ നിന്നുള്ള വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 10:13 pm

ലഖ്‌നൗ: വിജയദശമി ആഘോഷങ്ങളുടെ ഇടയില്‍ തോക്കുകളും വാളുകളും വീശി നൃത്വം ചെയ്യുന്ന ഹിന്ദുത്വവാദികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥനഗറിലാണ് ശാസ്ത്രപൂജ ആഘോഷങ്ങള്‍ക്കിടയില്‍ ഒരു സംഘം യുവാക്കള്‍ തോക്കുകളും വാളുംവീശി പരസ്യമായി നൃത്തം ചെയ്യുന്നത്. മധ്യമപ്രവര്‍ത്തകനായ മുഹമ്മദ് ഹസനാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘യു.പിയിലെ ഹിന്ദു വലതുപക്ഷക്കാര്‍, മതപരമായ ഘോഷയാത്ര തോക്കും വാളുകളും വീശി ആഘോഷിക്കുന്നു,’ എന്ന് എഴുതിയാണ് കോളമിസ്റ്റ് അശോക് സ്വയിന്‍ ഹസന്റെ ഈ വീഡിയോ പങ്കുവെച്ചത്.

ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളാണ് വിജയദശമി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മംഗലാപുരത്ത് നടന്ന വിജയദശമി റാലിയിലെ പ്ലോട്ടില്‍ യു.പി മുഖ്യമന്ത്രി യോഗിയും ബുള്‍ഡോസറും തോക്കുകളുമുള്ള ദൃശ്യങ്ങളും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇത്തരം ഭീഷണികളുമായി ബി.ജെ.പി എത്തുന്നതെന്നാണ് ഇങ്ങനെയുള്ള വീഡിയോ പങ്കുവെച്ച് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിമര്‍ശിക്കുന്നത്.