രാജേഷിന്റെ ഡാന്‍സ് കണ്ട് പിണങ്ങി പോകുന്ന ജയ; ശ്രദ്ധനേടി ബേസിലിന്റെയും ദര്‍ശനയുടെയും വീഡിയോ
Entertainment news
രാജേഷിന്റെ ഡാന്‍സ് കണ്ട് പിണങ്ങി പോകുന്ന ജയ; ശ്രദ്ധനേടി ബേസിലിന്റെയും ദര്‍ശനയുടെയും വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 6:52 pm

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ജയ ജയജയ ജയ ഹേയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. നവദമ്പതികളായ രാജേഷിന്റെയും ജയയുടെയും ജീവിതത്തിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്.

ഇപ്പോഴിതാ ബേസില്‍ ദര്‍ശനയെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ജയ ജയ എന്ന സിനിമയിലെ പാട്ടിന് രണ്ടുപേരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. റീല്‍സ് രൂപത്തിലാണ് ബേസില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബേസിലിന്റെ അവതരണം ആരാധകരില്‍ ചിരിപടര്‍ത്തുന്നതാണ്. ഡാന്‍സ് ചെയ്യുന്ന ബേസിലിനെ അലോസരത്തോടെ നോക്കിനില്‍ക്കുന്ന ദര്‍ശനയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ബേസില്‍ നോക്കി കളിക്കാന്‍ പറയുമ്പോള്‍ ഇഷ്ടമില്ലാതെ ദര്‍ശന കൂടെ കളിക്കുന്നുണ്ട്. അവസാനം ദര്‍ശന പിണങ്ങി പോകുന്നതും കാണാം. സിനിമയിലെ രണ്ടുപേരുടെയും കഥാപാത്രവുമായി സാദൃശ്യമുള്ളതാണ് അവതരണം.

ജയയുടെ വീട്ടില്‍ പെണ്ണുകാണാന്‍ വരുന്ന രാജേഷിനേയും കുടുംബത്തേയും കാണിച്ചുകൊണ്ടാണ് ടീസര്‍ ആരംഭിച്ചിരുന്നത്. ഒരു ടോക്സിക് ഹസ്ബന്റിനെ പോലെയാണ് ബേസിലിന്റെ രാജേഷിനെ ടീസറില്‍ കാണുന്നത്.

ഈ വീഡിയോ ഇനി സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ്ങാകാനുള്ള സാധ്യതയുണ്ട്. ഇവരെ അനുകരിച്ച് ആരാധകര്‍ റീല്‍സുമായി ഉടനെയെത്തും. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ജയ ജയജയ ജയഹേ.

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വിപിന്‍ ദാസാണ് ജയ ജയ ജയ ജയഹേയും സംവിധാനം ചെയ്യുന്നത്. ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം.

വിപിന്‍ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: Actor Basil joseph and Darshana rajendran new video