ക്ഷേത്രഭരണം ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുക്കരുത്; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ വി.എച്ച്.പി
national news
ക്ഷേത്രഭരണം ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുക്കരുത്; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ വി.എച്ച്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 10:07 pm

ബദ്രിനാഥ്: ഉത്തരാഖണ്ഡില്‍ പ്രധാനപ്പെട്ട 51 ക്ഷേത്രങ്ങളുടെ നടത്തിപ്പ് ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള സംഭവാന സ്വീകരിക്കല്‍ അവസാനിച്ചാല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ആരംഭിക്കുമെന്നും വി.എച്ച്.പി മുന്നറിയിപ്പ് നല്‍കി.

‘ഹിന്ദുനേതാക്കള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടതാണ്. ക്ഷേത്ര ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും’, വി.എച്ച്.പി ജോയന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

കേരളത്തിലെ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ക്ഷേത്രഭരണം ദേവസ്ഥാനം മാനേജ്‌മെന്റുകളെ ഏല്‍പ്പിക്കാനാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ നീക്കം.

കേരളത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തുമ്പോഴാണ് സ്വന്തം സര്‍ക്കാരുള്ളിടത്ത് അതേ മാതൃകയില്‍ ക്ഷേത്ര നടത്തിപ്പിന് സര്‍ക്കാരിന് കീഴില്‍ ബോര്‍ഡ് രൂപീകരിക്കുന്നത്.

കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി അടക്കമുള്ള 51 ക്ഷേത്രങ്ങളാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. 2019 -ലാണ് ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഉത്തരാഖണ്ഡ് ദേവസ്ഥാനം മാനേജ്‌മെന്റ് ബില്‍ പാസാക്കിയത്.

ഇത് പിന്നീട് നിയമമായി മാറിയിരുന്നു. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് 51 ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചത്.

നേരത്തെ നിയമത്തിനെതിരെ പൂജാരിമാരും പുരോഹിതരും രംഗത്തെത്തിയിരുന്നു. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണ് നിയമമെന്ന് കാണിച്ച് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ കോടതി നിയമത്തിന് ഭരണഘടനസാധുതയുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

ദേവസ്ഥാനം ബോര്‍ഡ് തീര്‍ത്ഥാടകര്‍ക്കും പുരോഹിതര്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുമെന്നായിരുന്നു മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞത്.

അതേസമയം കേരളത്തില്‍ ബി.ജെ.പി എക്കാലത്തും ദേവസ്വം ബോര്‍ഡുകള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. 2021 ല്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VHP to protest against Uttarakhand govt’s takeover of 51 temples including Kedarnath, Gangotri