സ്ത്രീകള്‍ 'തേപ്പുകാരികള്‍' മാത്രമാകുമ്പോള്‍; ഓപ്പറേഷന്‍ ജാവയിലെ സ്ത്രീവിരുദ്ധ വൈറസുകള്‍
Entertainment
സ്ത്രീകള്‍ 'തേപ്പുകാരികള്‍' മാത്രമാകുമ്പോള്‍; ഓപ്പറേഷന്‍ ജാവയിലെ സ്ത്രീവിരുദ്ധ വൈറസുകള്‍
അന്ന കീർത്തി ജോർജ്
Wednesday, 17th February 2021, 7:46 pm

ഒരു നവാഗതനില്‍ നിന്നും അത്യാവശ്യം അത്ഭുതപ്പെടുത്തുന്ന തിരക്കഥയും സംവിധാനവും കാഴ്ചവെച്ച സിനിമയാണ് ഓപ്പറേഷന്‍ ജാവ. ലോക്ക്ഡൗണിന് ശേഷം തിയേറ്ററില്‍ ഇറങ്ങിയ മലയാള സിനിമകളില്‍ വിവിധ ജില്ലകളില്‍ ഹൗസ് ഫുള്‍ ബോര്‍ഡ് തൂക്കാന്‍ ഭാഗ്യം ലഭിച്ച പടം.

കൃത്യമായ ഹോംവര്‍ക്ക് ചെയ്ത് മനോഹരമായ കയ്യടക്കത്തോടെ എഴുതി തയ്യാറാക്കിയ തിരക്കഥയും കഥാപാത്രസൃഷ്ടിയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംവിധാനവും കൊണ്ടാണ് ഓപ്പറേഷന്‍ ജാവ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ ഇപ്പറഞ്ഞ കാര്യങ്ങളെ കുറിച്ചും മറ്റും പല മികവുകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നുണ്ട്.

സ്‌ക്രീനില്‍ നിന്നും മൂന്നാമത്തെ നിരയിലെ വലതുഭാഗത്തെ ഏറ്റവുമറ്റത്തെ സീറ്റാണ് കിട്ടിയതെങ്കിലും രണ്ടര മണിക്കൂര്‍ ആകാംക്ഷയിലും പേടിച്ചും ചിരിച്ചും കണ്ണുകലങ്ങിയുമൊക്കെ സിനിമ ആസ്വദിച്ചു കണ്ടയാളാണ് ഞാന്‍. എന്നാല്‍ സിനിമയിലെ ഓരോ സ്ത്രീകഥാപാത്രം വരുമ്പോഴും ചെറുതല്ലാത്ത കല്ലുകടിയനുഭവപ്പെട്ടിരുന്നു.

പ്രണയത്തെയും സ്ത്രീ പുരുഷ ബന്ധങ്ങളെയുമെല്ലാം അടഞ്ഞ മനസ്സോടെയും സദാചാര കണ്ണുകളോടെയും ഇന്നും വീക്ഷിക്കുന്ന കേരളത്തിലെ പുരുഷാധിപത്യ സമൂഹത്തിന് ഏറെ പ്രിയപ്പെട്ട് ‘തേപ്പ്’ എന്ന ധാരണക്കും പ്രയോഗത്തിനും സ്വീകാര്യത നേടി കൊടുക്കുകയാണ് ഓപ്പറേഷന്‍ ജാവ. പ്രണയത്തിലായിരുന്നവര്‍ പിരിയുമ്പോള്‍ അതിലൊരാള്‍ കുറ്റക്കാരോ വഞ്ചകരോ ആവണമെന്ന തെറ്റായ പൊതുബോധത്തിനും അതില്‍ തന്നെ സ്ത്രീകളെ തേപ്പുകാരികളായി ചിത്രീകരിക്കാനുള്ള അടങ്ങാത്ത ത്വരക്കും വളം വെച്ചുകൊടുക്കുകയാണ് ഈ ചിത്രം.

ഓപ്പറേഷന്‍ ജാവയിലെ ആദ്യ സീനില്‍ പൊലീസുകാരന്‍ ഫോണില്‍ വിളിക്കുന്ന സത്രീയില്‍ മുതല്‍ അവസാനം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന കാറിലെത്തുന്ന സത്രീയില്‍ വരെ സിനിമ ഉയര്‍ത്തിക്കാണിക്കുന്ന ഒരു പൊതു സ്വഭാവ സവിശേഷതയുണ്ട്, തേപ്പ്. ജാവയില്‍ വരുന്ന ഓരോ സ്ത്രീകളും തങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ‘നല്ലവനായ പുരുഷനെ’ ചതിക്കുന്നവരാണ്. ഇതല്ലാതെയുള്ള നല്ലവരായ സത്രീ കഥാപാത്രങ്ങള്‍ക്ക് വായ തുറക്കാന്‍ ഒരവസരം സംവിധായകന്‍ നല്‍കിയിട്ടുമില്ല.

ആദ്യ ഭാഗത്ത് കേസുകെട്ടാണെന്ന് പറഞ്ഞാണ് പൊലീസുകാരന്‍ താന്‍ രാത്രി രണ്ട് മണിക്ക് വിളിച്ച് ശല്യപ്പെടുത്തുന്ന സ്ത്രീയെ പരിചയപ്പെടുത്തുന്നത്. തൊട്ടുമുന്‍പ് ഭാര്യമാരോട് ഇങ്ങനെയൊന്നും പറയരുതെന്ന് പറഞ്ഞ് ക്ഷോഭിക്കുന്ന മറ്റൊരു പൊലീസുകാരനും പിന്നീട് ആ സംഭാഷണം മുഴുവന്‍ തമാശയായി പോകുന്നതും ചിത്രത്തില്‍ കാണാം.

അടുത്ത സ്ത്രീ കഥാപാത്രം പ്രേമം സിനിമയുടെ പൈറസിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന അഞ്ജലി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഈ കുട്ടിയും ഒരു കാമുകനെ ചതിക്കുന്നവളാണ്. കേസില്‍ ആദ്യം പിടിക്കപ്പെടുന്ന മാത്യുവിന്റെ കഥാപാത്രം അവസാനം വരെയും തന്റെ കാമുകിയായ അഞ്ജലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും അവസാനം പറ്റിക്കപ്പെട്ടു പോവുന്നതും ഇതിനൊപ്പം തന്നെ കാണിച്ചുവെക്കുന്നുണ്ട്.

ഓപ്പറേഷന്‍ ജാവയിലെ അവസാന കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്ന മറ്റൊരു സ്ത്രീയുണ്ട്. കാറിലെത്തുന്ന ഭാര്യയും ഭര്‍ത്താവും, ഇവരെ പൊലീസ് തടഞ്ഞുനിര്‍ത്തി ചില വിവരങ്ങള്‍ ചോദിക്കുന്നു, ഇതാണ് രംഗം. കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വ്യക്തിയെ ഈ സ്ത്രീക്ക് അറിയാമെന്നുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പറഞ്ഞ് ആള്‍ ഇപ്പോള്‍ എവിടെയാണെന്നുള്ള വിവരങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. പക്ഷെ ഇവിടെയും ‘തേക്കുക’ എന്ന സ്ത്രീകളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്വഭാവത്തെ വെളിപ്പെടുത്താതെ സിനിമ അടങ്ങുന്നില്ല.

ഭാര്യാ കഥാപാത്രം, പൊലീസ് തിരയുന്ന ആളുമായി ചാറ്റ് ചെയ്യാറുണ്ട്, അതും രാത്രിയില്‍ – കേസിനേക്കാള്‍ അതിപ്രാധാന്യത്തോടെ പൊലീസും സിനിമയും കുറച്ച് സമയത്തേക്ക് ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യമാണ്. താന്‍ ചെയ്ത ആ മഹാ അപരാധം പിടിക്കപ്പെട്ട നാണക്കേടിലാണ് ഈ മുഴുവന്‍ സീനിലും ആ സ്ത്രീയെ നിര്‍ത്തിയിരിക്കുന്നത്.

‘രാത്രിയിലെ ചാറ്റ് ബോക്‌സിലെ പച്ച ലൈറ്റ് എന്താണെന്ന് ഞങ്ങള്‍ക്കറിയാം മോളേ, ഇതൊക്കെ എവിടെ ചെന്നവസാനിക്കുമെന്നും’ എന്നൊക്കെ സ്ഥിരം കേള്‍ക്കുന്ന ഡയലോഗിന് തുല്യമാണ് ഈ മുഴുവന്‍ സീനും. ഓണ്‍ലൈന്‍ ആങ്ങളമാരുടെ സദാചാരബോധത്തിനും അതിന്റെ ആള്‍രൂപമായി പെരുമാറുന്ന പൊലീസിനും നല്ലൊരു ന്യായീകരണം നല്‍കുന്നുണ്ട് ഈ ഒരൊറ്റ സീനുകൊണ്ട് സംവിധായകന്‍.

ഇനിയാണ് നാട്ടില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ തേപ്പുകഥകളും ചേര്‍ത്തുവെച്ചിട്ടുള്ള, പ്രധാന കഥാപാത്രമായ ആന്റണിയുടെ ലവ് സ്റ്റോറി. അയര്‍ലാന്‍ഡില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി കിട്ടിയപ്പോള്‍ ആന്റണിയെ ഉപേക്ഷിക്കുന്ന അല്‍ഫോണ്‍സയാണ് കാമുകി. ഇതേ അല്‍ഫോണ്‍സ പിന്നീട് ആ ജോലിയില്‍ പറ്റിക്കപ്പെട്ടപ്പോള്‍ സഹായവുമായെത്തുന്ന ആന്റണിയെ എല്ലാം കഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ജോലിയുടെ പേര് പറഞ്ഞ് വീണ്ടും ഉപേക്ഷിക്കുന്നുവെന്നാണ് കഥ.

ആന്റണി – അല്‍ഫോണ്‍സ പ്രണയത്തെ ആദ്യം അവതരിപ്പിക്കുമ്പോള്‍ പ്രശ്‌നമൊന്നും തോന്നില്ലെങ്കിലും പതിയെ പതിയെ ട്രാക്ക് മാറി അല്‍ഫോണ്‍സ തേപ്പുകാരി മാത്രമായി മാറുകയാണ്. ഈ ലവ് സ്റ്റോറിയില്‍ സുഹൃത്തുക്കളും മേലുദ്യോഗസ്ഥരുമെല്ലാം ആന്റണി വഞ്ചിക്കപ്പെട്ടതാണെന്ന് പ്രേക്ഷകനെ ആവര്‍ത്തിച്ചുപറഞ്ഞു ബോധ്യപ്പെടുത്തുന്നുമുണ്ട്. തേച്ചുപോയവരോട് പ്രതികാരം വീട്ടാന്‍ അവസരം ലഭിക്കാത്തതിലെ നഷ്ടബോധമൊക്കെ ചില കഥാപാത്രങ്ങള്‍ പറയുന്നുണ്ട്.

കാമുകന് ജോലിയില്ലാത്തതും വീട്ടില്‍ നിന്നുള്ള സമ്മര്‍ദവുമെല്ലാം അല്‍ഫോണ്‍സ നേരിടുന്നതായി പറഞ്ഞുവെക്കുന്നുണ്ടെങ്കിലും അവസാനം അവള്‍ വഞ്ചകിയാണെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

രണ്ടേ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് തേപ്പ് കാറ്റഗറിയില്‍ പെടാത്ത സ്ത്രീകളായി ചിത്രത്തിലുള്ളത്. വിനായകന്റെയും ബിനു പപ്പന്റെയും കഥാപാത്രങ്ങളുടെ ഭാര്യമാര്‍. ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും ഒരൊറ്റ ഡയലോഗ് പോലും ചിത്രത്തിലില്ല. ഭാര്യക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ പ്രതികരിക്കുന്നതും സംസാരിക്കുന്നതും അവളെ സംരക്ഷിക്കുന്നതുമെല്ലാം ഭര്‍ത്താവായ വിനായകനാണ്. അവരെ തികച്ചും ദുര്‍ബലയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരോ ഒളി ക്യാമറ വെച്ചു തന്റെ നഗ്ന വീഡിയോ ഉണ്ടാക്കിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന മറ്റൊരു പെണ്‍കുട്ടിയെ കുറിച്ചും സിനിമ പറയുന്നുണ്ട്.

പ്രണയം തകര്‍ന്ന ആന്റണിയോട് ജീവിതാനുഭവം പറഞ്ഞ് ഉപദേശം നല്‍കുമ്പോഴാണ് ബിനു പപ്പുവിന്റെ കഥാപാത്രം സ്വന്തം പ്രണയത്തെ കുറിച്ച് പറയുന്നത്. ആന്റണിയുടേതൊന്നും പ്രണയമല്ലെന്ന് പറഞ്ഞ് പ്രണയത്തിന് വലിയ നിര്‍വചനകള്‍ നല്‍കുന്നുണ്ട് അദ്ദേഹം. പ്രണയം വ്യക്തിപരമായ അനുഭവമാണ്, അനുഭവിച്ച ഓരോ പ്രണയവും ഓരോ നിര്‍വചനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ടാകാം. അതിനെയൊന്നും നിരാകരിക്കുകയല്ല, എന്നാല്‍ ഓപ്പറേഷന്‍ ജാവയിലെ ആ സീന്‍ തൊട്ടുമുന്‍പേ വരെ പറഞ്ഞുവെക്കുന്ന സ്ത്രീവിരുദ്ധതയെ പരോക്ഷമായി ഊട്ടിയുറപ്പിക്കുന്നുണ്ട്.

ഓപ്പറേഷന്‍ ജാവയിലെ സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാള്‍ പോലും സ്വന്തമായി തീരുമാനമെടുക്കാന്‍ ശക്തിയുള്ളവരല്ല. അച്ഛനോ ഭര്‍ത്താവോ മകനോ ഒക്കെയായി അവര്‍ക്ക് വേണ്ടി സംസാരിക്കാനുള്ള പുരുഷന്മാര്‍ ചിത്രത്തിലുടനീളമുണ്ട്.

സ്ത്രീവിരുദ്ധതയുടെ ഈ ആഘോഷങ്ങള്‍ക്കൊപ്പം പൊലീസിന്റെ ജനാധിപത്യവിരുദ്ധ – നിയമവിരുദ്ധ നടപടികളെ കൂടി ഓപ്പറേഷന്‍ ജാവ പലപ്പോഴും ഗ്ലോറിഫൈ ചെയ്യുന്നുണ്ട്. കേരള പൊലീസ് സുമ്മായല്ലെന്ന് കാണിക്കാനുള്ള സ്ലോമോഷന്‍ ഷോട്ടുകളില്‍ ഇടക്കൊക്കെ അപ്പുറത്ത് നില്‍ക്കുന്ന പൗരന്റെ/പൗരയുടെ അവകാശങ്ങള്‍ ഞെരിഞ്ഞമര്‍ന്ന് പോവുകയായിരുന്നു.

പ്രേമം സിനിമയുടെ പൈറസിയുമായി ബന്ധപ്പെട്ട കേസിലെ അഞ്ജലി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ എട്ടോളം പുരുഷ പൊലീസുകാര്‍ വാഹനത്തില്‍ ചോദ്യം ചെയ്യുന്ന രംഗമുണ്ട്. ഹീറോയിസവും തമാശയുമെല്ലാം ചേര്‍ത്ത് ആ ചോദ്യം ചെയ്യല്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ സ്വീകാര്യമാകുകയാണ്.

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ഏറെ നാളൊന്നും ആയിട്ടില്ല. എന്നാലും സിനിമയുടെ പ്രമേയത്തിലും കഥാപാത്രസൃഷ്ടിയിലുമെല്ലാം സ്ത്രീവിരുദ്ധത ഒഴിവാക്കാനും ഡയലോഗുകള്‍ പൊളിറ്റിക്കലി കറക്ടാക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് വ്യക്തമായി കാണാം. എന്നാലിപ്പോഴും ത്രില്ലറായാലും ഡ്രാമയായാലും ഹൊററായാലും സ്ത്രീ കഥാപാത്രങ്ങള്‍ പഴയ മനുഷ്യത്വവിരുദ്ധ ചട്ടക്കൂടുകളില്‍ തന്നെ അവതരിപ്പിക്കപ്പെടുന്നത് തുടരുകയാണ്. ഓപ്പറേഷന്‍ ജാവ അതിന്റെ ഉദാഹരണമാണ്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.