തിരുവനന്തപുരം: ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി അരമനയില്‍ എത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇക്കാര്യം 2023ലെ ക്രിസ്മസ് കാലത്ത് തന്നെ പ്രതിപക്ഷം പറഞ്ഞതാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇപ്പോള്‍ സഭാ വസ്ത്രങ്ങള്‍ അണിഞ്ഞ് കന്യാസ്ത്രീകള്‍ക്കോ വൈദികര്‍ക്കോ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണുള്ളതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ പുറത്തിറക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും അതില്‍ എന്ത് രാഷ്ട്രീയമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പണ്ട് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കുറിച്ച് തങ്ങള്‍ പറഞ്ഞത് ഒന്നുകൂടി ഓര്‍മപ്പെടുത്തിയെന്നേയുള്ളുവെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വന്നിരുന്നതെന്നും ഇനി ആരും കേക്കും കിരീടവുമായി വരേണ്ടെന്നും ഇപ്പോള്‍ വൈദികര്‍ തന്നെ പറഞ്ഞു. രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുകയാണ്. നിരവധി വൈദികരാണ് ജയിലിലായത്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് വന്ദ്യവയോധികനും പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനുമായ സ്റ്റാന്‍സാമിയെ ജയിലില്‍ ചങ്ങലയ്ക്കിട്ട് കൊലപ്പെടുത്തിയത്. സഭാ വസ്ത്രങ്ങള്‍ അണിഞ്ഞ് കന്യാസ്ത്രീകള്‍ക്കോ വൈദികര്‍ക്കോ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ് രാജ്യത്ത്. എന്നിട്ടാണ് കേരളത്തിലെ അരമനകളിലേക്ക് പോകുന്നത്. ഇവരുടെ സര്‍ക്കാരാണ് കന്യാസ്ത്രീകള്‍ക്കെതിരെ ഇല്ലാത്ത കേസെടുത്തതും എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതും. കേക്കുമായി പോയവര്‍ ഇപ്പോള്‍ കൈ മലര്‍ത്തി കാട്ടുകയാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫ് എം.പിമാരുടെ രണ്ടാമത്തെ സംഘവും ഛത്തീസ്ഗഡില്‍ എത്തിയിട്ടുണ്ട്. നിയമസഹായം ഉള്‍പ്പെടെ നല്‍കുന്നുണ്ട്. മുന്‍ അഡ്വക്കേറ്റ് ജനറലാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഛത്തിസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും ഒപ്പമുണ്ട്. ഭൂപേഷ് ബാഗേലുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
നിയമപരമായ സഹായം കിട്ടുന്നതിനുവേണ്ടി അവരെല്ലാം ഒപ്പമുണ്ട്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് എം.പിമാര്‍ സമരം നടത്തുന്നത്. നിയമവിരുദ്ധമായ ഉത്തരവാണ് സെഷന്‍സ് കോടതി നല്‍കിയിരിക്കുന്നതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ സ്‌കൂള്‍ അവധി മാറ്റുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയ്ക്ക് വെച്ചതില്‍ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ചര്‍ച്ച ചെയ്തോട്ടെ. പക്ഷെ തീരുമാനം എടുക്കരുത്. അക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം പറയും. എല്ലാവശങ്ങളും ആലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
വയനാട്ടില്‍ ലീഗ് പ്രഖ്യാപിച്ച നൂറ് വീടിന്റെ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വീട് നിര്‍മാണം വൈകാന്‍ കാരണം സര്‍ക്കാരാണ്. സര്‍ക്കാരുമായി സഹകരിച്ച് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. ഒമ്പത് മാസം കഴിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം പ്രഖ്യാപിച്ചത്. അത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും മുഖ്യമന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടിന് സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ പോലും സ്ഥലമേറ്റെടുക്കാന്‍ പത്ത് മാസമെടുത്തു. കോണ്‍ഗ്രസ് സ്ഥലം ഏറ്റെടുക്കാന്‍ രണ്ടോ മൂന്നോ മാസം വൈകിയപ്പോള്‍ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. കോണ്‍ഗ്രസും ലീഗും നൂറ് വീട് വീതം നിര്‍മിച്ചു നല്‍കും. പിരിച്ച പണത്തിന്റെ കണക്ക് പാര്‍ട്ടി കമ്മിറ്റിയില്‍ വെച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലാണ് പണമെത്തിയത്. അതില്‍ നിന്നും ഒരു രൂപ പോലും എടുത്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ എത്തിയ പണവും പിന്‍വലിച്ചിട്ടില്ല. പക്ഷെ സര്‍ക്കാരിന്റെ പക്കലുള്ള 742 കോടി രൂപ വിനിയോഗിക്കാത്തത് എന്തുകൊണ്ടാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ വാടക പോലും നല്‍കുന്നില്ലെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ചികിത്സാ സഹായം ഉള്‍പ്പെടെ ഒന്നും ചെയ്യുന്നില്ല. ദുരന്തത്തിന് ഇരയായത് 400 കുടുംബങ്ങളാണ്. ആ കുടുംബങ്ങളുടെ പട്ടിക ഉണ്ടാക്കാന്‍ പത്ത് മാസമെടുത്ത സര്‍ക്കാരാണിത്. 2018ല്‍ പറവൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ മുഴുവന്‍ മുങ്ങിപ്പോയി. 9000 വിദ്യാര്‍ത്ഥികളാണ് ഇരകളായത്. പത്ത് ദിവസം കൊണ്ടാണ് ദുരന്തബാധിതരുടെ പട്ടിക തയാറാക്കിയത്. 2000 വീടുകളാണ് അന്ന് പൂര്‍ണമായും തകര്‍ന്നത്. മൂവായിരത്തില്‍ അധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതിന്റെയൊക്കെ പട്ടിക പത്ത് ദിവസം കൊണ്ടാണ് തയാറാക്കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ആ സ്ഥാനത്ത് വയനാട്ടിലെ 400 വീടുകളുടെ കണക്ക് പത്ത് മാസം കൊണ്ടാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. ആ പട്ടികയും തെറ്റായിരുന്നു. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ദുരന്തത്തില്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണിത്. നാട്ടുകാരുടെ 742 കോടി ഖജനാവില്‍ ഇട്ടിട്ട് ഒന്നും ചെയ്യാത്തത് മറച്ചുവെക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു വീട് പോലും നിര്‍മിച്ചിട്ടില്ല. ഒരു സ്വകാര്യ സ്വകാര്യ സംഘടന നിര്‍മിച്ച 14 വീടുകളുടെ താക്കോല്‍ ഞാനാണ് കൈമാറിയത്. എന്നിട്ടും ഈ സര്‍ക്കാരിന് ഒരു വീട് പോലും നിര്‍മിക്കാനായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlight: Wolves in sheep’s clothing are coming to the palace with cakes: vd satheesan