ശ്രീകണ്ഠന്റേത് പൊളിറ്റിക്കലി ഇന്‍കറക്ട് സ്റ്റേറ്റ്‌മെന്റ്; ഒരു സ്ത്രീയേയും സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസുകാര്‍ അപമാനിക്കേണ്ട: വി.ഡി സതീശന്‍
Kerala
ശ്രീകണ്ഠന്റേത് പൊളിറ്റിക്കലി ഇന്‍കറക്ട് സ്റ്റേറ്റ്‌മെന്റ്; ഒരു സ്ത്രീയേയും സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസുകാര്‍ അപമാനിക്കേണ്ട: വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd August 2025, 11:13 am

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം രാജിവെച്ചെന്നും ബാക്കി പാര്‍ട്ടി അന്വേഷിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഈ ബഹളം ഉണ്ടാക്കുന്ന ആള്‍ക്കാരൊക്കെ അവരുടെ കാര്യം വന്നപ്പോള്‍ എന്താണ് ചെയ്തത് എന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നും ആരോപണ വിധേയരെ ഏറ്റവും കൂടുതല്‍ സംരക്ഷിച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സതീശന്‍ പറഞ്ഞു.

പരാതി പറഞ്ഞതിന്റെ പേരില്‍ ഒരു സ്ത്രീയേയും സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസുകാര്‍ അപമാനിക്കരുതെന്നും അത്തരമൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റേത് പൊളിറ്റിക്കലി ഇന്‍കറക്ട് സ്റ്റേറ്റ്‌മെന്റാണെന്നും ഒരു കാരണവശാലും അത്തരം പരാമര്‍ശങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സതീശന്‍ പറഞ്ഞു. പ്രതികരണം കണ്ട ഉടനെ വിളിച്ച് തന്റെ പ്രതിഷേധം അറിയിച്ചിരുന്നെന്നും അതൊന്നും കോണ്‍ഗ്രസില്‍ പറ്റില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

‘ ആരോപണ വിധേയനെ സംരക്ഷിച്ചെന്ന് പറഞ്ഞ് ഇവര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അവര്‍ ശരിക്കും എവിടേക്കാണ് മാര്‍ച്ച് നടത്തേണ്ടത്, ക്ലിഫ് ഹൗസിലേക്കല്ലേ നടത്തേണ്ടത്.

ഏറ്റവും കൂടുതല്‍ ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കുന്നത് ആരാണ്. കേരളത്തിലെ മുഖ്യമന്ത്രിയല്ലേ. ഞാന്‍ ആരെയെങ്കിലും പ്രൊട്ടക്ട് ചെയ്‌തോ. വിട്ടുവീഴ്ചയില്ലാതെ, മുഖംനോക്കാതെ നിലപാടെടുക്കുമെന്നാണ് പറഞ്ഞത്. അത് ചെയ്തു.

ഇപ്പോള്‍ കോഴിയേയും കൊണ്ട് ഒരു പ്രകടനം നടത്തി. കൊള്ളാം നല്ല തമാശയാണ്. പക്ഷേ കോഴിഫാം നടത്തുന്ന ആളുണ്ട്. അങ്ങോട്ടല്ലേ പ്രകടനം നടത്തേണ്ടത്. സി.പി.ഐ.എം നേതാക്കള്‍ കോഴിഫാം നടത്തുകയാണ്. ദുരൂഹമായിട്ടല്ലേ പലതും ചെയ്തത്.

കോഴി ഫാം തന്നെയുണ്ട് അവിടെ. ഇവിടെ ബി.ജെ.പിക്കാര്‍ സമരം ചെയ്യുന്നു. ബി.ജെ.പിയുടെ ഒരു മുന്‍ മുഖ്യമന്ത്രി പോക്‌സോ കേസില്‍ പ്രതിയായിട്ടും ഉന്നതാധികാര സമിതിയില്‍ ഇരിക്കുന്നു.

ഞാന്‍ പേരൊന്നും പറയുന്നില്ല. ബി.ജെ.പിയുടെ ഇന്ത്യയുടെ ഏറ്റവും വലിയ ഉന്നതാധികാര സമിതിയില്‍ ഇരിക്കുകയാണ് അദ്ദേഹം. പോക്‌സോ കേസില്‍ പ്രതിയാണ്. എന്നിട്ട് ഇവിടെ സമരം ചെയ്ത് നമ്മളെ പഠിപ്പിക്കുകയാണ്. ക്ലാസെടുക്കുകയാണ്. ശരിയാണോ അത്.

എത്ര പേരുണ്ട് ആരോപണ വിധേയരായി നില്‍ക്കുന്നവര്‍. അവരില്‍ എത്ര പേര്‍ രാജിവെച്ചു. ഞങ്ങള്‍ അതൊന്നും നോക്കിയിട്ടല്ല തീരുമാനം എടുത്തത്. സി.പി.ഐ.എം എന്തുചെയ്തു, ബി.ജെ.പി എന്ത് ചെയ്തു എന്ന് നോക്കിയിട്ടില്ല. കോണ്‍ഗ്രസിന് ഒരു തീരുമാനമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത തീരുമാനം.

പിന്നെ, ആരോപണം ഉന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരായിട്ട് സമൂഹ മാധ്യമത്തിലൂടെ ഒരു പ്രചരണവും നടത്തരുത്. അത്തരത്തില്‍ ഒരു യു.ഡി.എഫ് പ്രവര്‍ത്തകന്‍ നടത്തി എന്ന് അറിഞ്ഞാല്‍ നടപടിയെടുക്കും. അത് തെറ്റാണ്.

അത് കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമല്ല. അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു സ്ത്രീയേയും സമൂഹ മാധ്യമത്തിലൂടെ വേട്ടയാടാന്‍ പാടില്ല. അത് കോണ്‍ഗ്രസ് ഒരു കാരണവശാലും അനുവദിക്കില്ല.

ഏതെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേറെ ആരെയെങ്കിലും കണ്ടിട്ട് ആവേശഭരിതരായിട്ട് അത് ചെയ്യരുത്. അതില്‍ നിന്ന് പിന്മാറണം എന്നാണ് അഭ്യര്‍ത്ഥന,’ വി.ഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതാണോ അതോ രാജി ആവശ്യപ്പെട്ടതാണോ എന്ന ചോദ്യത്തിന്, ഇറ്റ്‌സ് എ ടെക്‌നിക്കല്‍ ക്വസ്റ്റിയന്‍ എന്നായിരുന്നു സതീശന്റെ മറുപടി.

‘അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞല്ലോ. ഞാന്‍ എന്താണ് വേറെ പറയേണ്ടത്. റിസള്‍ട്ട് രണ്ടും ഒന്നല്ലേ,’ വി.ഡി സതീശന്‍ ചോദിച്ചു.

സി.പി.ഐ.എമ്മിനും ബി.ജെ.പിക്കും ഇത്തരം വിഷയങ്ങളില്‍ നാവനക്കാന്‍ അവകാശമില്ല. ഒരു കേസാണോ? കോഴി ഫാമാണ്. ആരുടേയും പേര് പറഞ്ഞ് ഞാന്‍ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ നോക്കുന്നില്ല. പക്ഷേ ഒരു വിരല്‍ ഞങ്ങളുടെ നേരെ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകളെല്ലാം സ്വന്തം നെഞ്ചത്തോട്ടാണെന്ന് മനസിലാക്കിയാല്‍ മതി.

വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം സ്വയം ന്യായീകരിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം നിരപരാധിയാണെങ്കില്‍ നിരപരാധിത്തം തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനും ഇല്ലേ എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.

അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേള്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആരാണെങ്കിലും കേള്‍ക്കണ്ടേ. ഒരു അന്വേഷണം നടത്തുമ്പോള്‍ ആരോപണ വിധേയനായ ആള്‍ക്കൂടി കൂടി പറയാനുള്ളത് കേള്‍ക്കുമെന്ന് പറഞ്ഞിരുന്നു, വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: VD Satheesan about Rahul Mamkoottathil and Social Bullying