ആരാടാ നിനക്ക് ഇമ്മാതിരി പേരിട്ടത്? നിതിന്‍ മോളിയുടെ അഴിഞ്ഞാട്ടം ഉണ്ടായതിന്റെ വീഡിയോ പുറത്ത്
Entertainment
ആരാടാ നിനക്ക് ഇമ്മാതിരി പേരിട്ടത്? നിതിന്‍ മോളിയുടെ അഴിഞ്ഞാട്ടം ഉണ്ടായതിന്റെ വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 4:27 pm

തിയേറ്ററുകളില്‍ ഇപ്പോഴും മികച്ച രീതിയില്‍ മുന്നേറുകയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമാ മോഹവുമായി തലശ്ശേരിയില്‍ നിന്ന് മദിരാശിക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

എന്നാല്‍ ചിത്രത്തില്‍ ഏറ്റവുമധികം കൈയടി നേടിയത് അതിഥിവേഷത്തിലെത്തിയ നിവിന്‍ പോളിയായിരുന്നു. ബോക്‌സ് ഓഫീസില്‍ അടുത്ത കാലത്ത് മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത നിവിന്റെ ഗംഭീര പെര്‍ഫോമന്‍സായിരുന്നു ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. നിതിന്‍ മോളി എന്ന സൂപ്പര്‍സ്റ്റാറായി നിവിന്‍ അഴിഞ്ഞാടുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ നിവിന്റെ സീനുകളുടെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍ ഏറ്റവുമധികം കൈയടി നേടിയ ‘ഒറ്റക്ക് വന്നവനാടാ’ എന്ന സീനിന്റെ പിന്നണി വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

നിവിന്‍ പോളിക്ക് വിശദമായി സീന്‍ വിവരിച്ചുകൊടുക്കുന്ന വിനീതും തന്റേതായ ശൈലിയില്‍ ആ സീനിനെ അവതരിപ്പിക്കുന്ന നിവിനും തന്നെയാണ് വീഡിയോയുടെ മുഖ്യ ആകര്‍ഷണം. തിയേറ്ററില്‍ കൂട്ടച്ചിരി പടര്‍ത്തിയ ‘അവന്റെ മകന്‍, ഇവന്റെ മകന്‍’ എന്ന ഡയലോഗും നിവിന്‍ പറയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

അതേസമയം റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 80 കോടിയോളം ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. ഈ വര്‍ഷത്തെ ആറാമത്തെ 50 കോടി ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ് എന്നിവരോടൊപ്പം വിനീത് ശ്രീനിവാസനും ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Varshangalkku Sesham making video out now