'ഇനി നീ പാൻ ഇന്ത്യ, ബോക്സ് ഓഫീസിൽ തോഴ'; നിവിനെ മാസാക്കി വർഷങ്ങൾക്ക് ശേഷത്തിലെ സോങ്
Film News
'ഇനി നീ പാൻ ഇന്ത്യ, ബോക്സ് ഓഫീസിൽ തോഴ'; നിവിനെ മാസാക്കി വർഷങ്ങൾക്ക് ശേഷത്തിലെ സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd April 2024, 6:41 pm

മലയാളത്തിലെ യുവ താരനിരകളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ അടുത്ത ഗാനം പുറത്തിറങ്ങി. ‘പ്യാരാ മേരാ വീരാ’ എന്ന ഗാനം കംപോസ് ചെയ്തത് അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ശബ്ദം നൽകിയത് സിദ്ധാർഥ് ബസ്‌റൂരാണ്. ഒരു റാപ് മൂഡിൽ ഒരുക്കിയ പാട്ടിൽ ഗസ്റ്റ് റോളിൽ എത്തുന്ന നിവിൻ പോളിയുടെ ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

ചിത്രം 2024 ഏപ്രിൽ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരടങ്ങുന്ന ക്രൂവുമായിരുന്നു സിനിമയുടെ ഷൂട്ടിനുണ്ടായിരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു.

ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണിയാണ്. മ്യൂസിക് കംപോസ് ചെയ്തത് അമൃത് രാംനാഥ്.

Content Highlight: Varshangalkk shesham movie’s song released