ഇവന്‍ ശരിക്കും ഇടിമിന്നലാണ്; ഒരു മത്സരത്തില്‍ നിന്ന് ബോള്‍ട്ടിന് ഹാട്രിക് റെക്കോഡ്
Sports News
ഇവന്‍ ശരിക്കും ഇടിമിന്നലാണ്; ഒരു മത്സരത്തില്‍ നിന്ന് ബോള്‍ട്ടിന് ഹാട്രിക് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 6:27 pm

ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍
ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ്.

ആദ്യം ബൗള്‍ ചെയ്ത രാജസ്ഥാന് വേണ്ടി ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കിയാണ് ട്രന്റ് ബോള്‍ട്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. രോഹിത് ശര്‍മയേയും നമന്‍ ദിറിനേയും പൂജ്യം റണ്‍സിനാണ് ബോള്‍ട്ട് പുറത്താക്കിയത്. പിന്നീട് രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഡിവാള്‍ഡ് ബ്രെവിസിനെയും പൂജ്യത്തിന് പുറത്താക്കി ബോള്‍ട്ട് തകര്‍ത്താടി. ഇതോടെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ ഒരു വിക്കറ്റ് നേടുന്ന താരമാകാനും ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ രണ്ട് വിക്കറ്റ് എടുക്കുന്ന താരമാകാനും ബോള്‍ട്ടിന് സാധിച്ചിരുന്നു.

എന്നാല്‍ ഇതിന് പുറകെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കുകയാണ് താരം. ഐ.പി.എല്ലില്‍ 2020ന് ശേഷം പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് ബോള്‍ട്ടിനെ തേടിയെത്തിയത്.

ഐ.പി.എല്ലില്‍ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന താരം, വിക്കറ്റ്

ട്രെന്റ് ബോള്‍ട്ട് – 46*

മുഹമ്മദ് ഷമി – 39

ദീപക് ചാഹര്‍ – 30

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി റിയാന്‍ പരാഗ് 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സ് ഉള്‍പ്പെടെ 54 റണ്‍സ് നേടി നിര്‍ണായകമായപ്പോള്‍ രാജസ്ഥാന്‍ ഈ സീസണിലെ ഹാട്രിക് വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. മറുഭാഗത്ത് തുടര്‍ച്ചയായി മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് മുംബൈ.

ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി. അതേസമയം ഏപ്രില്‍ ഏഴിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Trent Boult In Record Achievement