ഏത് റോളും അനായാസമായി ചെയ്യുന്ന നടന്‍, അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം: വാണി വിശ്വനാഥ്
Entertainment
ഏത് റോളും അനായാസമായി ചെയ്യുന്ന നടന്‍, അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം: വാണി വിശ്വനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 1:30 pm

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ വളരെ ശക്തമായ കഥാപാത്രങ്ങളിലായിരുന്നു വാണി എത്തിയത്. മലയാള സിനിമക്ക് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ വാണി വിശ്വനാഥ്.

പല ജന്മങ്ങളിലായി, മോഹന്‍ലാല്‍ ജീവിച്ച കഥാപാത്രങ്ങളാണ് അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് വാണി വിശ്വനാഥ് പറയുന്നു. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും എടുത്തു നോക്കുമ്പോള്‍ തനിക്ക് അങ്ങനെ തോന്നാറുണ്ടെന്നും ഇതുപോലെ അനായാസമായി അഭിനയിക്കുന്ന ഒരു ആര്‍ട്ടിസ്റ്റിനെ കാണാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുകയാണെങ്കില്‍ തനിക്ക് വില്ലത്തിയുടെ റോള്‍ ചെയ്യാനാണ് ഇഷ്ടമെന്നും വാണി വിശ്വനാഥ് പറയുന്നു. തനിക്ക് നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ നല്ല ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു. വണ്‍ ടു ടോക്‌സില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.

‘ലാലേട്ടന് എപ്പോഴോ പല ജന്മങ്ങളായി ജീവിച്ച ക്യാരക്ടറുകളാണോ ഇപ്പോള്‍ അഭിനയിക്കുന്നതെന്ന് എനിക്ക് തോന്നി പോകാറുണ്ട്. ജോര്‍ജ് കുട്ടിയാകട്ടെ, ആടുതോമ ആകട്ടെ അങ്ങനെയുള്ള പല പല അവതാരങ്ങളാണ് പുള്ളിയുടെ സിനിമ എന്ന് എനിക്ക് തോന്നാറുണ്ട്. ഇതുപോലെ അനായാസമായി അഭിനയിക്കുന്ന ഒരു ആര്‍ട്ടിസ്റ്റിനെ കാണാന്‍ പറ്റില്ല.

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുകയാണെങ്കില്‍ എനിക്ക് ലാലേട്ടനെ എതിര്‍ക്കുന്ന പോലത്തെ ക്യാരക്ടര്‍ മതി. ലാലേട്ടന്റെ പടത്തില്‍ വില്ലത്തിയായി അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം. എനിക്ക് ഭയങ്ക ഇഷ്ടമാണ് നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍,’ വാണി വിശ്വനാഥ് പറയുന്നു.

Content Highlight: Vani Viswanath talks about Mohanlal