ഒരേയൊരു രാജാവ് മാത്രം നേടിയ റെക്കോഡ് ഇനിയങ്ങോട്ട് ഹാഷിറിനും ടീമിനും സ്വന്തം, ബോക്‌സ് ഓഫീസിന് അഡാറ് പഞ്ഞിക്കിടല്‍
Malayalam Cinema
ഒരേയൊരു രാജാവ് മാത്രം നേടിയ റെക്കോഡ് ഇനിയങ്ങോട്ട് ഹാഷിറിനും ടീമിനും സ്വന്തം, ബോക്‌സ് ഓഫീസിന് അഡാറ് പഞ്ഞിക്കിടല്‍
അമര്‍നാഥ് എം.
Tuesday, 7th April 2026, 7:21 am

പുതുമുഖ നായകന്മാരും സംവിധായകനും ഒന്നിച്ചപ്പോള്‍ ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 50 കോടിയും കടന്ന് അത്ഭുതമായ റണ്ണിങ്ങാണ് ബോക്‌സ് ഓഫീസില്‍ നടത്തുന്നത്. ഈ വര്‍ഷം മോളിവുഡിലെ അടുത്ത 100 കോടിയായി വാഴ 2 മാറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.

ഇപ്പോഴിതാ കേരള ബോക്‌സ് ഓഫീസില്‍ പുതിയൊരു റെക്കോഡ് നേടിയിരിക്കുകയാണ് ഹാഷിറും സംഘവും. കഴിഞ്ഞദിവസം ചിത്രം കേരളത്തില്‍ നിന്ന് മാത്രം എട്ട് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. മോഹന്‍ലാലിന്റെ അല്ലാതെ മറ്റൊരു മലയാള ചിത്രവും ഇതുവരെ കേരളത്തില്‍ നിന്ന് ഒരുദിവസം എട്ട് കോടിക്ക് മുകളില്‍ നേടിയിട്ടില്ല.

എമ്പുരാന്‍ ആദ്യദിനം 14 കോടിയോളം നേടിയതാണ് നിലവിലെ ഏറ്റവുമുയര്‍ന്ന സിംഗിള്‍ ഡേ കളക്ഷന്‍. വിജയ് നായകനായ ലിയോയും ആദ്യദിനം 12 കോടിയോളം കളക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള മോഹന്‍ലാലിനും വിജയ്ക്കും ഇത്തരം റെക്കോഡുകള്‍ നേടുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഫാന്‍ ബേസുള്ള ഒരുകൂട്ടം ചെറുപ്പക്കാര്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് കൈയടി അര്‍ഹിക്കുന്ന കാര്യമാണ്.

ആദ്യ വീക്കെന്‍ഡിലും റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 50 കോടിയിലേറെ നേടിയ വാഴ 2 ഇതിനോടകം 64 കോടി കളക്ട് ചെയ്തുകഴിഞ്ഞു. മോഹന്‍ലാല്‍, വിജയ്, രജിനികാന്ത് എന്നിവര്‍ക്ക് ശേഷം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഒരുദിവസം ഏഴ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ താരമായി ഹാഷിറും ടീമും മാറിക്കഴിഞ്ഞു.

വാഴയുടെ ആദ്യഭാഗത്തിന്റെ കളക്ഷന്‍ 41 കോടിയാണ്. ഇതിനെ വെറും മൂന്ന് ദിവസം കൊണ്ട് മറികടന്ന വാഴ 2 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള സാധ്യതകളേറെയാണ്. സമ്മര്‍ വെക്കേഷന്റെ ആനുകൂല്യവും ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്. വിഷു റിലീസായി എത്തുന്ന സിനിമകളുടെ റിപ്പോര്‍ട്ടുകളനുസരിച്ചാകും വാഴ 2ന്റെ ഭാവി കുതിപ്പ്.

ടൊവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പി, സൈജു കുറുപ്പിന്റെ മോഹിനിയാട്ടം, തമിഴ് ചിത്രം ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്നീ ചിത്രങ്ങള്‍ അടുത്തയാഴ്ച തിയേറ്ററുകളിലെത്തും. ഈ സിനിമകളെയെല്ലാം മറികടന്ന് വാഴ 2ന് പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക മനസില്‍ ഇടം പിടിച്ച വാഴ 2 ഇനിയും പല റെക്കോഡുകള്‍ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Vaazha 2 collected more than eight crores in a single day from Kerala Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം