കൊച്ചുകുട്ടികളുടെ ചോറില്‍ മണ്ണുവാരിയിട്ട വൃത്തികെട്ട മനസ്; യൂത്ത് കോണ്‍ഗ്രസിനെതിരെ ശിവന്‍കുട്ടി
Youth Congress
കൊച്ചുകുട്ടികളുടെ ചോറില്‍ മണ്ണുവാരിയിട്ട വൃത്തികെട്ട മനസ്; യൂത്ത് കോണ്‍ഗ്രസിനെതിരെ ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 3:50 pm

തിരുവനന്തപുരം: ആലപ്പുഴ കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യു.പി സ്‌കൂളിലെ അക്രമസംഭവങ്ങളെ അപലപിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കൂട്ടി. കുട്ടികളുടെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച മന്ത്രി, ഇത്തരം സംഭവങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

പലരൂപത്തിലുള്ള സമരങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ കൊച്ചുകുട്ടികളുള്ള ഭക്ഷത്തില്‍ മണ്ണുവാരിയിട്ടുള്ള സമരം കേരള ചരിത്രത്തില്‍ ഇതാദ്യമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ഈ സ്‌കൂളില്‍ ഇത്തരമൊരു സമരം നടക്കേണ്ട സാഹചര്യവുമില്ല. അവര്‍ക്ക് സ്‌കൂളിന് പുറത്ത് സമരം ചെയ്യാവനുന്നതായിരുന്നു.

മനപ്പൂര്‍വം സ്‌കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുക, കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. ഇതിനെതിരെ കേരള സമൂഹം ഒന്നിച്ച് രംഗത്തെത്തണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

കൊച്ചുകുട്ടികളുടെ ഭക്ഷണത്തില്‍ മണ്ണ് വാരിയിടാനുള്ള മനസ് എങ്ങനെ സമരക്കാര്‍ക്കുണ്ടായെന്നും വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. ഇത്രയും വൃത്തികെട്ട മനസിനുടമകളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും മന്ത്രി വിമര്‍ശിച്ചു.

കടുത്ത ശത്രുക്കള്‍ പോലും പരസ്പരം ചെയ്യാത്ത പ്രവര്‍ത്തികളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രി, അവിടുത്തെ പഞ്ചായത്തും കോണ്‍ഗ്രസ് തന്നെയാണ് ഭരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് എന്നിവരുടെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

കുട്ടികളുടെ ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ട പ്രവര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം നേരിട്ട് ചെയ്തതാകാന്‍ വഴിയില്ലെന്നും ഉന്നത തലത്തിലുള്ള നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട സമരത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

പ്രതിഷേധത്തിനിടെ ഉച്ചഭക്ഷണ സമയത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും അല്ലാത്തവര്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് പുറത്തു പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചത്. ഈ അഭ്യര്‍ത്ഥന മാനിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുപോയി. അതിനിടെ ഉച്ചഭക്ഷണം കൊടുക്കാനെടുത്തപ്പോഴാണ് അതില്‍ മണ്ണ് കിടക്കുന്നത് കണ്ടത്.

ചോറില്‍ ആരാണ് മണ്ണ് വാരിയിട്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സ്‌കൂളിലെ ചെടിചട്ടികള്‍ എടുത്തെറിയുന്ന സാഹചര്യവും ഉണ്ടായിരുന്നു. അത്തരത്തില്‍ എറിയുമ്പോള്‍ ചെടിചട്ടിയിലെ മണ്ണ് ഭക്ഷണത്തില്‍ വീണതാണോ എന്ന സംശയവും നിലനില്‍ക്കുന്നു.

സ്‌കൂളില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് സി.പി.ഐ.എം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാത്രങ്ങളും കല്ലും തിരികെയെറിഞ്ഞു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ഉച്ചഭക്ഷണത്തിന് തയ്യാറാക്കി വെച്ച പാത്രങ്ങളും കസേരകളും വലിച്ചെറിയുന്ന സാഹചര്യവുമുണ്ടായിരുന്നു.

 

 

Content Highlight:  V Sivankutty slams Youth Congress