തിരുവനന്തപുരം: പത്തു പതിനഞ്ചു വര്‍ഷം മുമ്പ് കോണ്‍ഗ്രസ്സില്‍ നുഴഞ്ഞുകയറിയ അര്‍ബന്‍ നക്‌സലുകളും മാവോയിസ്റ്റ് ശക്തികളും കോണ്‍ഗ്രസ്സിനെ മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോണ്‍ഗ്രസ് ആക്കി മാറ്റിയെന്ന മോദിയുടെ പ്രസംഗത്തിന് കയ്യടിച്ച ശശി തരൂരിന്റെ നടപടിയെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
’10-15 വർഷം മുമ്പ് കോൺഗ്രസ്സിൽ നുഴഞ്ഞുകയറിയ അർബൻ നക്സലുകളും മാവോയിസ്റ്റ് ശക്തികളും ഇപ്പോൾ കോൺഗ്രസ്സിനെ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് (MMC) ആക്കി മാറ്റിയിരിക്കുന്നു. ഇന്ന്, ഞാൻ ഇത് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുന്നു, ഈ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് അവരുടെ സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്കായി ദേശീയ താത്പര്യം ഉപേക്ഷിച്ചിരിക്കുന്നു. ഇന്നത്തെ ഈ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഒരു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ബഹു.പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രസംഗിച്ചപ്പോൾ തിരുവനന്തപുരം കോൺഗ്രസ് എം പി ശ്രീ. ശശി തരൂർ ഗംഭീരം എന്ന് പറഞ്ഞു. ഇനി കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഊഴമാണ്,’ എന്നായിരുന്നു ശിവൻ കുട്ടി എഴുതിയത്.
ഇന്ത്യൻ എക്സ്പ്രസ് നടത്തിയ രാംനാഥ് ഗോയങ്കെ ലക്ച്വറിലായിരുന്നു മോദി സംസാരിച്ചത്. ഈ പ്രസംഗത്തിലെ പ്രസക്തമായ ഭാഗങ്ങൾ പങ്കിട്ടായിരുന്നു തരൂർ കുറിപ്പ് പങ്കുവെച്ചത്. ഇതിനുപിന്നാലെ ശശി തരൂർ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് നേരിടുന്നത്.
അതേസമയം മോദിയുടെ കോൺഗ്രസിനെതിരായ പ്രസംഗത്തെ യു.ഡി.എഫ് എം.പി ശശി തരൂർ ഉദാത്തമെന്ന് വിശേഷിപ്പിച്ചതിൽ കോൺഗ്രസിന്റെ പ്രതികരണം തേടി സി.പി.ഐ.എം എം.പി ജോൺ ബ്രിട്ടാസും രംഗത്തെത്തി.
മോദിയുടെ പരാമർശത്തിലും ശശി തരൂരിന്റെ പ്രശംസയിലും കേരളത്തിലെ കോൺഗ്രസുകാർക്ക് പറയാനുള്ളത് എന്താണെന്നറിയാൻ താത്പര്യമുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തിന്റെ വ്യാപ്തി കുറഞ്ഞു വരികയാണെന്നും നക്സലിസം അതിവേഗത്തിലാണ് ഇല്ലാതാകുന്നതെന്നും മോദി പറഞ്ഞിരുന്നു.
ഫേസ്ബുക്കിന്റെ പൂർണ രൂപം
’10-15 വർഷം മുമ്പ് കോൺഗ്രസ്സിൽ നുഴഞ്ഞുകയറിയ അർബൻ നക്സലുകളും മാവോയിസ്റ്റ് ശക്തികളും ഇപ്പോൾ കോൺഗ്രസ്സിനെ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് (MMC) ആക്കി മാറ്റിയിരിക്കുന്നു. ഇന്ന്, ഞാൻ ഇത് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുന്നു, ഈ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് അവരുടെ സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്കായി ദേശീയ താത്പര്യം ഉപേക്ഷിച്ചിരിക്കുന്നു. ഇന്നത്തെ ഈ മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഒരു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.’ ഇങ്ങനെ ബഹു.പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രസംഗിച്ചപ്പോൾ തിരുവനന്തപുരം കോൺഗ്രസ് എം പി ശ്രീ. ശശി തരൂർ ഗംഭീരം എന്ന് പറഞ്ഞു. ഇനി കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഊഴമാണ്..!!
Content Highlight: V Sivankutty seeks reaction from Congress and Muslim League on Shashi Tharoor’s actions