തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് എല്ലാ കാര്യങ്ങളും ആലോച്ചിട്ടാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഒപ്പ് വെച്ചതിന് ശേഷം പദ്ധതി മരവിപ്പിക്കുന്നത് പ്രായോഗികമാണോയെന്നും ഫണ്ട് വാങ്ങിയതിന് ശേഷം പദ്ധതി നടപ്പാക്കാതിരിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ഇടപെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ.എമ്മും സി.പി.ഐയും പി.എം ശ്രീ പദ്ധതിയിൽ ഒരു സമവായത്തിലെത്തുകയും പദ്ധതി മരവിപ്പിക്കാനായി കേന്ദ്രത്തിന് കത്തയക്കുമെന്ന് സി.പി.ഐ.എം തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാൽ താൻ അതിനെപ്പറ്റി കൂടുതൽ മനസിലാക്കിയിട്ടില്ലെന്നും ചർച്ചകളെപ്പറ്റി അറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയും എൽ.ഡി.എഫിന്റെ ഉന്നത നേതാക്കളും ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിൽ അവർ മറുപടി പറയുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാലും പദ്ധതി കേരത്തിൽ നടപ്പാക്കില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് കേരളത്തിന്റെ തന്ത്രപരമായ നീക്കമാണെന്നും മന്ത്രി പറഞ്ഞു.
‘നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട തുക തടഞ്ഞുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ മറികടക്കാനുള്ള കേരളത്തിന്റെ തന്ത്രപരമായ നീക്കമാണിത്,’ ശിവൻകുട്ടി പറഞ്ഞിരുന്നു. പാഠ്യപദ്ധതിയുടെ വർഗീയവൽക്കരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിന്നുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര സർക്കാരിന്റെ ഏത് പദ്ധതികളെയും എതിർക്കുമെന്നും പി.എം ശ്രീ പദ്ധതി കേരളത്തിലെ സ്കൂളുകൾക്ക് അനിവാര്യമായ കാര്യമല്ലെന്നും എന്നാൽ 47 ലക്ഷത്തോളമുള്ള വിദ്യാർത്ഥികളെ ബാധിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും പട്ടികജാതിയിൽ പെട്ടവർക്കും അർഹമായ 1500 കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോയെന്നും അവർക്ക് അർഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: V. Sivankutty says that the PM Shri project was signed after considering all the factors