തൃക്കാക്കരയില്‍ 99 നൂറാക്കാന്‍ നടക്കുകയാണ് സര്‍ക്കാര്‍ പക്ഷേ നൂറായത് തക്കാളിയുടെ വിലയാണ്; വി.ഡി. സതീശന്‍
Kerala News
തൃക്കാക്കരയില്‍ 99 നൂറാക്കാന്‍ നടക്കുകയാണ് സര്‍ക്കാര്‍ പക്ഷേ നൂറായത് തക്കാളിയുടെ വിലയാണ്; വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd May 2022, 1:54 pm

കൊച്ചി: വിപണിയില്‍ വിലക്കയറ്റം അതിരൂക്ഷമായിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  തൃക്കാക്കരയില്‍ 99 നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് വിപണിയില്‍ തക്കാളിയുടെ വിലയാണെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

വിലക്കയറ്റം അതിരൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അധികവരുമാനം വേണ്ടെന്ന് സര്‍ക്കാര്‍ വെയ്ക്കണം. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. നികുതി കൂട്ടിയപ്പോഴുണ്ടായ അധികവരുമാനം മറച്ചുവയ്ക്കുന്നു.

6000 കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായത്. ഈ അധികവരുമാനം സംസ്ഥാനം വേണ്ടെന്ന് വയ്ക്കണം. എന്നാല്‍ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില കുറയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പി.സി. ജോര്‍ജിന് ഒളിവില്‍ പോകാന്‍ സൗകര്യം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് പി.സി. ജോര്‍ജും സര്‍ക്കാരും ഒത്തുകളിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

തൃക്കാക്കര തെരഞ്ഞെടുപ്പായതിനാല്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ്. വെണ്ണല പ്രസംഗത്തിന് ജോര്‍ജിനെ കൊണ്ടുവന്നത് ആരാണ്. ക്ഷണിച്ചയാള്‍ക്ക് ഇ.പി. ജയരാജനുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ യു.ഡി.എഫ് എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് തോന്നിയിട്ടാണ് അഭിപ്രായം പറയാതിരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാവരുത്. അന്വേഷണം നടക്കുന്നേയുള്ളൂ.അതിന് മുന്നെ എങ്ങനെയാണ് കുറ്റപത്രം സമര്‍പ്പിക്കുകയന്നും സതീശന്‍ ചോദിച്ചു.

Content Highlights: v d satheesan speak about the government has not been able to intervene in the market