ന്യൂദല്‍ഹി: അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യു.എസ് എംബസി. വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തങ്ങിയാല്‍ അവരെ നാടുകടത്തുമെന്നും പീന്നീട് യു.എസിലേക്ക് യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇന്ത്യയിലെ യു.എസ് എംബസി അറിയിച്ചു. യു.എസ് എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് മുന്നറിയിപ്പ്.
‘നിങ്ങളുടെ അംഗീകൃത വിസ കാലാവധിക്ക് ശേഷവും നിങ്ങള്‍ അമേരിക്കയില്‍ തുടരുകയാണെങ്കില്‍, നിങ്ങളെ നാടുകടത്തുകയും ഭാവിയില്‍ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തേക്കാം,’ ഇന്ത്യയിലെ യു.എസ് എംബസിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിയതിനുശേഷം, കുടിയേറ്റം സംബന്ധിച്ച് നിരവധി നയങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ഏകദേശം നാല് ബാച്ചോളം ഇന്ത്യക്കാരെ അനധികൃത കുടിയേറ്റം ആരോപിച്ച് ട്രംപ് ഭരണകൂടം നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
പുതിയ കുടിയേറ്റ നയങ്ങള്‍ ആരംഭിച്ചപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് സ്വയം നാടുകടത്താനുള്ള പ്രത്യേക ആപ്ലിക്കേഷന്‍ വരെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. സ്വമേധയാ യു.എസില്‍ നിന്ന് പുറത്തുപോകുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പണവും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്യാമെന്ന് വരെ ട്രംപ് പറയുകയുണ്ടായി.
മറ്റ് രാജ്യങ്ങളില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമില്ലെന്ന് യു.എസ് സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുന്ന പൗരന്മാരെ തിരിച്ചെടുക്കാന്‍ തന്റെ രാജ്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ന്യൂദല്‍ഹിയിലെ യു.എസ് എംബസിയില്‍ നിന്നുള്ള ഈ മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി മാറിയിട്ടുണ്ട്. എംബസിയുടെ മുന്നറിയിപ്പിന് മറുപടിയായി ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കക്കാരും വിസ നിയമങ്ങള്‍ മാനിക്കണമെന്നും വിസ കാലാവധി കഴിയുന്നതിന് മുമ്പ് അവരോട് തിരികെ പോകൂ എന്ന് പ്രതികരിച്ചവരുമുണ്ട്.