ട്രംപിന് ആശ്വാസം; പ്രസിഡന്റിന്റെ ഉത്തരവ് റദ്ദാക്കുന്നത്‌ ഫെഡറല്‍ കോടതികളുടെ അധികാരപരിധിക്ക് പുറത്തെന്ന് യു.എസ് സുപ്രീം കോടതി
World News
ട്രംപിന് ആശ്വാസം; പ്രസിഡന്റിന്റെ ഉത്തരവ് റദ്ദാക്കുന്നത്‌ ഫെഡറല്‍ കോടതികളുടെ അധികാരപരിധിക്ക് പുറത്തെന്ന് യു.എസ് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2025, 10:56 pm

വാഷിങ്ടണ്‍: യു.എസിലെ ഫെഡറല്‍ കോടതി ജഡ്ജിമാര്‍ക്ക് രാജ്യവ്യാപകമായി പ്രസിഡന്റ് നടപ്പിലാക്കുന്ന ഉത്തരവുകള്‍ റദ്ദാക്കുന്നതിനുള്ള അധികാരമില്ലെന്ന് യു.എസ് സുപ്രീം കോടതി. 6-3 എന്ന ഭൂരിപക്ഷത്തോടെ രാജ്യവ്യാപകമായി വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള ഫെഡറല്‍ ജഡ്ജിമാരുടെ അധികാരത്തെയാണ് സുപ്രീം കോടതി പരിമിതപ്പെടുത്തിയത്.

അധികാരത്തിലത്തിയപാടെ ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ജന്മാവകാശ പൗരത്വം റദ്ദാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ ഫെഡറല്‍ കോടതി ജഡ്ജ് തടഞ്ഞു. ഇത് സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ വിധി. എന്നാല്‍ ഉത്തരവിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് വിധി പറയുന്നതില്‍ നിന്ന് കോടതി വിട്ടുനിന്നു.

മറിച്ച് ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിക്ക് രാജ്യവ്യാപകമായ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അവകാശമുണ്ടോ എന്നതിലാണ് കോടതി ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസിഡന്റിന്റെ ഉത്തരവ് റദ്ദാക്കല്‍ ഫെഡറല്‍ കോടതികളുടെ അധികാരപരിധിക്ക് പുറത്താണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതി വിജയത്തെ സ്വാഗതം ചെയ്ത ഡൊണാള്‍ഡ് ട്രംപ് ഇത് വളരെ വലിയ വിജയമാണെന്നും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ഉത്തരവ് മേരിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, വാഷിങ്ടണ്‍ സംസ്ഥാനങ്ങളിലെ കോടതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, ട്രംപ് സുപ്രീം കോടതിയില്‍ അടിയന്തര അപ്പീല്‍ നല്‍കിയിരുന്നു.
യു.എസിന്റെ 47ാമത് പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് നൂറ്റാണ്ട് പഴക്കമുള്ള കുടിയേറ്റ വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഏകദേശം 700 ഓളം വാക്കുകളുള്ള എക്സിക്യൂട്ടീവ് ഉത്തരവായിരുന്നു അത്.

ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ട്രംപിന്റെ ഉത്തരവിനെതിരെ 22 സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ കോടതിയെ സമീപിച്ചിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് കേസ് കൊടുത്തിരുന്നത്. പിതാവ് യു.എസ് പൗരനോ രാജ്യത്തെ നിയമാനുസൃത സ്ഥിര താമസക്കാരനോ അല്ലെങ്കില്‍ യു.എസില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അമേരിക്കന്‍ പൗരനായി അംഗീകരിക്കില്ല എന്നായിരുന്നു ട്രംപിന്റെ ഉത്തരവ്.

Content Highlight: US Supreme Court Curbs Judges Powers To Block President’s Orders