ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍വെച്ച് 'ഇസ്രഈല്‍ സൈന്യത്തിന് മരണം' എന്ന മുദ്രാവാക്യം വിളിച്ചു; ബോബ് വൈലാന്റെ വിസ റദ്ദാക്കി അമേരിക്ക
World News
ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍വെച്ച് 'ഇസ്രഈല്‍ സൈന്യത്തിന് മരണം' എന്ന മുദ്രാവാക്യം വിളിച്ചു; ബോബ് വൈലാന്റെ വിസ റദ്ദാക്കി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st July 2025, 4:40 pm

 

വാഷിങ്ടണ്‍: ഇസ്രഈല്‍ സൈന്യത്തിന് മരണം (Death, death to the IDF) എന്ന് മുദ്രാവാക്യം വിളിച്ച പങ്ക്-റാപ്പ് ജോഡികളിലെ അംഗമായ ബോബ് വൈലാന്റെ വിസ റദ്ദാക്കി യു.എസ് ഭരണകൂടം. യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചത്.

വൈലാന്റെ മുദ്രാവാക്യം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും വിദേശികള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളുടെ ലംഘനമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു.

ദേശീയ സുരക്ഷയുടെ കാര്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസും പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി. അക്രമത്തെയും വിദ്വേഷത്തെയും മഹത്വവല്‍ക്കരിക്കുന്ന വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ബ്രൂസ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് മുമ്പ് വിദേശത്ത് അഭിപ്രായം പറയുന്നതിനെ യു.എസ് ഭരണകൂടം പിന്തുണച്ചതും നിലവിലെ വിസ റദ്ദാക്കലും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. എന്നാല്‍ ഇത് ആവിഷ്‌കാരസ്വാതന്ത്രത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചല്ലെന്നും മറിച്ച് സുരക്ഷയെയും മൂല്യങ്ങളെയും കുറിച്ചാണെന്നുമാണ് ടാമി ബ്രൂസ് ഇതിന് മറുപടി നല്‍കിയത്.

‘ഗ്ലാസ്റ്റണ്‍ബറിയില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പറയാനും മന്ത്രിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപോലെ നമുക്ക് ഇഷ്ടമുള്ളതൊക്കെ നമുക്കും ചെയ്യാം. ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണ്. എല്ലാ അമേരിക്കക്കാരും മികച്ചത് അര്‍ഹിക്കുന്നു,’ വിസ റദ്ദാക്കലിനെ ന്യായീകരിച്ചുകൊണ്ട് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ഒക്ടോബറില്‍ ഇരുവരും 20 ദിവസത്തെ യുഎസ് പര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളെത്തുടര്‍ന്ന് അവരുടെ ഏജന്‍സിയായ യുണൈറ്റഡ് ടാലന്റ് അവരെ ഒഴിവാക്കി.

ബ്രിട്ടനിലെ ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ വെച്ചാണ് ഇസ്രഈല്‍ സേനയായ ഐ.ഡി.എഫിനെതിരെ വൈലാന്‍ മുദ്രാവാക്യം  മുഴക്കിയത്.

‘മരണം, ഐ.ഡി.എഫിന് മരണം’ എന്ന മുദ്രാവാക്യവും നദി മുതല്‍ കടല്‍ വരെ… ഫലസ്തീന്‍ സ്വതന്ത്രമാകണം എന്നീ മുദ്രാവാക്യങ്ങള്‍ അദ്ദേഹം ഉറക്കെ വേദിയില്‍ വെച്ച് മൈക്കിലൂടെ വിളിച്ച് പറയുകയായിരുന്നു. വൈലാന്റെ മുദ്രാവാക്യം കാണികളും ഏറ്റുവിളിക്കാന്‍ തുടങ്ങി. പിന്നാലെ നിരവധി ആളുകള്‍ ഫലസ്തീന്‍ പതാകകളും വീശുകയുണ്ടായി.

നിലവില്‍ പ്രസ്തുത സംഭവത്തില്‍ ഇപ്പോള്‍ ബ്രിട്ടീഷ് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ തന്റെ പ്രവര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുന്നതായി വൈലാന്‍ കഴിഞ്ഞ് ദിവസം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. നമ്മുടെ ഭാവി തലമുറകളെ മാറ്റത്തിനായി സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഈ ലോകത്തെ മികച്ച സ്ഥലമാക്കാനുള്ള ഏക മാര്‍ഗമെന്നാണ് ലൈവന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

Content Highlight: US revokes visa of Bob Vylan for chanting anti death to the IDF