ഇന്ത്യക്കെതിരെ 12.5% തീരുവ ഏര്‍പ്പെടുത്താന്‍ യു.എസ് ശുപാര്‍ശ
Trending
ഇന്ത്യക്കെതിരെ 12.5% തീരുവ ഏര്‍പ്പെടുത്താന്‍ യു.എസ് ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd June 2026, 1:59 pm

വാഷിങ്ടണ്‍: ഇന്ത്യ അടക്കം 54 രാജ്യങ്ങള്‍ക്കെതിരെ 12.5 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവുമായി യു.എസ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്ററ്റീവ് (യു.എസ്.ടി.ആര്‍) ആണ് പുതിയ താരിഫിനായി ശുപാര്‍ശ ചെയ്തത്.

നിര്‍ബന്ധിത തൊഴിലെടുപ്പിച്ച് ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളോ ചരക്കുകളോ ഇറക്കുമതി ചെയ്യുന്നതിനെതിരായ നിയമപരമായ വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഈ രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുന്നതെന്ന് യു.എസ്.ടി.ആര്‍ പ്രസ്താവനയില്‍ പറഞ്ഞു. അത്തരമൊരു നിരോധനം ഫലപ്രദമായി ഏര്‍പപ്പെടുത്തുന്നതിലും ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പാകിസ്ഥാന്‍, ഇന്തോനേഷ്യ, കാനഡ, മെക്‌സികോ, ഇക്വഡോര്‍ എന്നീ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും എതിരെ 10 ശതമാനം ഇറക്കുമതി തീരുവയ്ക്കും യു.എസ്.ടി.ആര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍ബന്ധിത തൊഴില്‍ വഴിയുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വിഷയം അഭിസംബോധന ചെയ്യാന്‍ ഈ രാജ്യങ്ങള്‍ സന്നദ്ധത കാണിച്ചതിനാലാണ് ചുങ്കത്തില്‍ രണ്ടര ശതമാനത്തിന്റെ ഇളവെന്നും യു.എസ്.ടി.ആര്‍ വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയും യു.എസും വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ചൊവ്വാഴ്ചയായിരുന്നു ചര്‍ച്ച ആരംഭിച്ചത്. ഇതിനിടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം ചുങ്കം ചുമത്താനുള്ള ശുപാര്‍ശ.

നിര്‍ബന്ധിത തൊഴില്‍ വഴിയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധിച്ചില്ല എന്നത് യുക്തിസഹമല്ലെന്ന് യു.എസ്.ടി.ആര്‍ അഭിപ്രായപ്പെട്ടു.

ജൂലൈ ഏഴിന് ശേഷം താരിഫ് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ഈ നടപടി സംബന്ധിച്ച് നിലവില്‍ യു.എസ്.ടി.ആര്‍ പൊതുജനാഭിപ്രായം തേടുന്നുണ്ട്. ജൂലൈ ആറ് വരെ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താം. ജൂലൈ ഏഴിന് ഈ വിഷയത്തില്‍ പരസ്യവാദം കേള്‍ക്കും.

ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഈ തീരുവ യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അധികാരപരിധി ലംഘിച്ചുകൊണ്ടാണ് ട്രംപ് തീരുവ വര്‍ധിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സിന്റേതായിരുന്നു വിധി. ദേശീയ അടിയന്തിരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് അധിക താരിഫുകള്‍ ചുമത്തിയതെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

Content Highlight: US proposes fresh 12.5% tariffs on India amid trade talks, 10% on Pak, Canada, EU